കോഴിക്കോട്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി സെപ്റ്റംബര്‍ 24 വൈകീട്ട് മുതല്‍ സെപ്റ്റംബര്‍ 25 പകല്‍ വരെ കോഴിക്കോട് ജില്ലയില്‍
ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മലേയാര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മരം വീഴല്‍, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അപകടസാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ മലയോര, ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകള്‍ക്കും സെപ്റ്റംബര്‍ 24 രാത്രി 7 മണി മുതല്‍ സെപ്റ്റംബര്‍ 25 രാവിലെ 7 മണി വരെ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. താമരശ്ശേരി, തിരുവമ്പാടി, കൂരാച്ചുണ്ട് തുടങ്ങിയ മലയോര മേഖലകളിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള റോഡുകളില്‍ പൊലീസ് ഗതാഗതം പൂര്‍ണമായും നിയന്ത്രിക്കും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അടിയന്തര വാഹനങ്ങള്‍ക്ക് നിയന്ത്രണത്തില്‍ ഇളവുണ്ടാകും. നദികള്‍, ക്വാറികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കടല്‍ത്തീരങ്ങള്‍ എന്നിവിടങ്ങളില്‍ വിനോദത്തിനും മീന്‍പിടിത്തത്തിനുമായി ഇറങ്ങുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ (ടിഇഒസി) 24 മണിക്കൂറും പ്രവര്‍ത്തിക്കും. എല്ലാ വില്ലേജുകളിലും മഴയുടെ അളവും ജലനിരപ്പും ഓരോ മണിക്കൂര്‍ ഇടവിട്ട് ശേഖരിച്ച് ജില്ലാ
എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലേക്ക് (ഡിഇഒസി) കൈമാറും. അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ആവശ്യമായ സാഹചര്യത്തില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സെപ്റ്റംബര്‍ 24ന് തന്നെ മാറ്റിപ്പാര്‍പ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വില്ലേജ് ഓഫീസര്‍മാരും നടപടി സ്വീകരിക്കും. ക്യാമ്പുകളുടെ വിവരങ്ങളും ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും പ്രാദേശികമായി ജനങ്ങളെ അറിയിക്കും. പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, സിവില്‍ ഡിഫന്‍സ്, ആപദ മിത്ര, നെഹ്‌റു യുവകേന്ദ്ര (എന്‍വൈകെഎസ്) സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം ഉണ്ടാകുന്ന പക്ഷം അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.















