വടകര: ഇന്ത്യന്‍ റെയില്‍വേയുടെ ദക്ഷിണ മേഖലയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരും കോടിക്കണക്കിന് രൂപയുടെ വരുമാനവുമുള്ള മലബാറിനോട് റെയില്‍വ കാണിക്കുന്നത്
കടുത്ത അവഗണന. ഏറ്റവും ഒടുവില്‍ മംഗലാപുരം മേഖലയെ തന്നെ മലബാര്‍ ഉള്‍പെടുന്ന പാലക്കാട് ഡിവിഷനില്‍ നിന്ന് എടുത്തെറിഞ്ഞിരിക്കുന്നു. മലബാറിനോട് റെയില്‍വെ കാണിക്കുന്ന അവഗണനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
റെയില്‍വേയ്ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും പതിനായിരക്കണക്കിന് യാത്രക്കാരെ വഴിയാധാരമാക്കുകയും ചെയ്യുന്ന നയങ്ങളാണ് അധികാരികളുടേതെന്ന പരാതി ശക്തമാണ്. 2025-26 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് മലബാറിലെ പ്രധാന 10 റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും ഷൊര്‍ണൂരില്‍ നിന്നുമായി റെയില്‍വേ നേടിയത് 350
കോടിയിലധികം രൂപയുടെ റെക്കോര്‍ഡ് വരുമാനമാണ്. 11 കോടിയിലധികമാണ് യാത്രക്കാര്‍.
കോഴിക്കോട്: 219 കോടി വരുമാനം- മൂന്ന് കോടി 24 ലക്ഷം യാത്രക്കാര്‍
കണ്ണൂര്‍:136 കോടി വരുമാനം-ഒരു കോടി 86 ലക്ഷം യാത്രക്കാര്‍
തലശ്ശേരി: 45 കോടി വരുമാനം-ഒരു കോടി ഒരു ലക്ഷം യാത്രക്കാര്‍
വടകര: 32 കോടി വരുമാനം-92 ലക്ഷം യാത്രക്കാര്‍
കാസര്‍കോട്: 48 കോടി വരുമാനം-90 ലക്ഷം യാത്രക്കാര്‍
തിരൂര്‍: 39 കോടി വരുമാനം-85 ലക്ഷം യാത്രക്കാര്‍
പയ്യന്നൂര്‍: 27 കോടി വരുമാനം-59 ലക്ഷം യാത്രക്കാര്‍
കുറ്റിപ്പുറം: 16 കോടി വരുമാനം-45 ലക്ഷം യാത്രക്കാര്‍
കാഞ്ഞങ്ങാട്: 20 കോടി വരുമാനം 44 ലക്ഷം യാത്രക്കാര്‍
കൊയിലാണ്ടി: 12 കോടി വരുമാനം 40 ലക്ഷം യാത്രക്കാര്‍
ഷൊര്‍ണൂര്‍: 56 കോടി വരുമാനം 78 ലക്ഷം യാത്രക്കാര്‍
മലബാറിലെ ഈ 10 പ്രമുഖ സ്റ്റേഷനുകളെയും ഷൊര്‍ണൂരിനെയും ആശ്രയിച്ച് പ്രതിവര്‍ഷം 11 കോടി 44 ലക്ഷത്തിലധികം ആളുകളാണ് യാത്ര ചെയ്യുന്നത്. എന്നിട്ടും ഈ മേഖലയെ ബോധപൂര്‍വം തഴയുന്ന നിലപാടാണ് റെയില്‍വേയുടേത്.
സ്പെഷല്‍ ട്രെയിനുകളും ‘അവഗണനയുടെ’ ടൈംടേബിളും
ഓണം, വിഷു, ദീപാവലി, ന്യൂഇയര്‍ ഉത്സവ കാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ‘സ്പെഷല്‍
ട്രെയിനുകളുടെ’ സ്റ്റോപ്പ് ലിസ്റ്റ് പരിശോധിച്ചാല്‍ ഈ വിവേചനം വ്യക്തമാകും.
കാഞ്ഞങ്ങാട്, പയ്യന്നൂര്‍, തലശ്ശേരി, വടകര, കൊയിലാണ്ടി, കുറ്റിപ്പുറം സ്റ്റേഷനുകള്‍ തഴയപ്പെടുന്നു. കോടികളുടെ വരുമാനവും ലക്ഷക്കണക്കിന് യാത്രക്കാരുമുള്ള കാഞ്ഞങ്ങാട്, പയ്യന്നൂര്‍, തലശ്ശേരി, വടകര, കൊയിലാണ്ടി, കുറ്റിപ്പുറം തുടങ്ങിയ പ്രമുഖ സ്റ്റേഷനുകളെ ഒഴിവാക്കിക്കൊണ്ടാണ് പല ഉത്സവകാല സ്പെഷല്‍ ട്രെയിനുകളും സര്‍വീസ് നടത്തുന്നത്.
സ്പെഷല്‍ ട്രെയിനുകള്‍ പലതും ഷൊര്‍ണൂരിനും മംഗളൂരുവിനും ഇടയില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് നിര്‍ത്തുന്നത്. കാഞ്ഞങ്ങാട്, പയ്യന്നൂര്‍, തലശ്ശേരി, വടകര, കൊയിലാണ്ടി, കുറ്റിപ്പുറം പൂര്‍ണമായി ഒഴിവാക്കപ്പെടുന്നു.
അതേസമയം, കോട്ടയം മുതല്‍ കൊല്ലം വരെയുള്ള തെക്കന്‍ മേഖലയിലേക്ക് കടക്കുമ്പോള്‍ ഈ ട്രെയിനുകളുടെ സ്വഭാവം തന്നെ മാറുന്നു കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം തുടങ്ങി മിനിറ്റുകളുടെ വ്യത്യാസത്തിലുള്ള ചെറിയ സ്റ്റേഷനുകളില്‍ വരെ എല്ലാ സ്പെഷല്‍ ട്രെയിനുകള്‍ക്കും സ്റ്റോപ്പുണ്ട്.
ഉത്സവ സീസണില്‍ ആയിരക്കണക്കിന് പ്രവാസികളും വിദ്യാര്‍ഥികളുമാണ് നാടുകളിലേക്ക് വരാന്‍ ടിക്കറ്റ കിട്ടാതെ വലയുന്നത്. ഏറ്റവും കൂടുതല്‍ പേര് ആശ്രയിക്കുന്ന കാഞ്ഞങ്ങാട്, പയ്യന്നൂര്‍, തലശ്ശേരി, വടകര, കൊയിലാണ്ടി, കുറ്റിപ്പുറം തുടങ്ങിയ സ്റ്റേഷനുകളില്‍ സ്പെഷല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചാല്‍ റെയില്‍വേയ്ക്ക് ലഭിക്കുന്നത് കോടിക്കണക്കിന് രൂപയുടെ അധിക വരുമാനമായിരിക്കും. എന്നാല്‍, ഈ സ്റ്റേഷനുകളില്‍ സ്റ്റോപ്പ്
നല്കാത്തതുമൂലം ട്രെയിനുകളിലെ സീറ്റുകള്‍ കിട്ടാതെ, പ്രവാസികള്‍ അടക്കമുള്ളവര്‍ സ്വകാര്യ ബസുകളില്‍ ഉയര്‍ന്ന ടിക്കറ്റ് കൊടുത്ത് യാത്ര ചെയ്യേണ്ട അവസ്ഥ.
വരുമാനത്തിന്റെ കാര്യത്തില്‍ റെയില്‍വേക്ക് വലിയ സഹായം കിട്ടുന്ന മലബാറിനോട് കാട്ടുന്ന ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കേണ്ടതുണ്ടെന്ന ആവശ്യം ശക്തമാണ്. കാഞ്ഞങ്ങാട്, പയ്യന്നൂര്‍, തലശ്ശേരി, വടകര, കൊയിലാണ്ടി, കുറ്റിപ്പുറം അടക്കമുള്ള മലബാറിലെ പ്രധാന 10 റെയില്‍വേ സ്റ്റേഷനുകളിലും പ്രീമിയം ട്രെയിന്‍ ഒഴികെ ബാക്കി എല്ലാ എക്സ്പ്രസ്/സ്പെഷ്യല്‍ ട്രെയിനുകള്‍ക്കും അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണം. യാത്രക്കാരുടെ ദുരിതം കാണാതെ, റെയില്‍വേയുടെ സ്വന്തം ഖജനാവിന് പൂട്ടിടുന്ന ഈ വിചിത്ര നയം തിരുത്താന്‍ ജനപ്രതിനിധികളും അധികാരികളും പാസഞ്ചേഴ്സ് അസോസിയേഷനുകളും അടിയന്തരമായി ഇടപെടണമെന്ന മുറവിളി ഉയരുകയാണ്.
















