തിരുവനന്തപുരം: പ്രമുഖ കലാസാംസ്‌കാരിക പ്രവര്‍ത്തകനും കേരള സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തി (78) അന്തരിച്ചു. തിരുവനന്തപുരത്തെ
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, ശാസ്ത്രരംഗത്തെ ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ചാണ് പൂര്‍ണസമയ കലാപ്രവര്‍ത്തകനായി തിരിഞ്ഞത്. കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് അദ്ദേഹം ആരംഭിച്ച ‘സൂര്യ ഫെസ്റ്റിവല്‍’ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടിയ ലോകത്തിലെ വലിയ സ്വകാര്യ സാംസ്‌കാരികോത്സവങ്ങളില്‍ ഒന്നാണ്. മലയാളത്തിലെ ആദ്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ ശില്‍പിയായ അദ്ദേഹം ‘മേല്‍വിലാസം’ ഉള്‍പ്പെടെയുള്ള ശ്രദ്ധേയമായ നാടകങ്ങളുടെയും സിനിമയുടെയും അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയത്ത് ടി.നടരാജപിള്ളയുടെയും സി.സരസ്വതി അമ്മയുടെയും മകനായി 1951 ഏപ്രില്‍ 11-നാണ് ജനിച്ചത്. നടരാജ കൃഷ്ണമൂര്‍ത്തി എന്നായിരുന്നു ഔദ്യോഗിക പേര്. തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍, ആര്‍ട്‌സ് കോളജ്, കൊല്ലം ടികെഎം എന്‍ജിനീയറിംഗ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1972-ല്‍ ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച അദ്ദേഹം, 1999-ല്‍ സ്വയം വിരമിച്ചാണ്
പൂര്‍ണസമയ കലാപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ തുടങ്ങി ഒട്ടേറെ ഉയര്‍ന്ന പദവികള്‍ വഹിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതികള്‍, ഇന്ത്യന്‍ പനോരമ സെലക്ഷന്‍ സമിതി, ദൂരദര്‍ശന്‍ ഉപദേശക സമിതി എന്നിവയിലും അംഗമായി സേവനമനുഷ്ഠിച്ചു. മേല്‍വിലാസം, പുലരി, തുടക്കം, തുടര്‍ച്ച, നീലവെളിച്ചം, അവതാരം, സ്ത്രീ പര്‍വം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങളാണ്. മികച്ച സ്റ്റേജ് ക്രാഫ്റ്റ് ആന്‍ഡ് ഡയറക്ഷനുള്ള രാഷ്ട്രപതിയുടെ ബഹുമതി (1996), കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പ് (1994) എന്നിവയ്ക്ക് പുറമേ, 2003-ല്‍ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിന്റെ ‘മാന്‍ ഓഫ് ദി ഇയര്‍’ പദവിയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.















