കൊയിലാണ്ടി: തൊഴിലാളി എന്ന പേര് പോലും അര്‍ഹിക്കാത്തവിധം യുവാക്കളെ കൂലിയടിമകളാക്കി മാറ്റുന്ന ജനവിരുദ്ധ നയങ്ങള്‍ തന്നെയാണ് വിദ്യാഭ്യാസത്തെ
കച്ചവടവല്‍ക്കരിക്കാനുള്ള നയത്തിനുപിന്നിലുമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ടി.കെ.നാരായണന്‍ അനുസ്മരണത്തില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തെ ഒരേ സമയം വ്യവസായവല്‍ക്കരിക്കുകയും വര്‍ഗീയവല്‍ക്കരിക്കുകയും ചെയ്യാനുള്ള പദ്ധതിയെയാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് (എന്‍ഇപി) മോദി സര്‍ക്കാര്‍ പേരിട്ടു വിളിക്കുന്നത്. അറിവിനെയും ശാസ്ത്ര സാങ്കേതിക പുരോഗതിയേയും കൈയടക്കി വെച്ച മൂലധന ശക്തികള്‍ക്കൊപ്പം മതവര്‍ഗീയതയും കൂട്ടുചേര്‍ന്നുകൊണ്ടാണ് ഇന്ന് വിദ്യാഭ്യാസ രംഗത്തെയാകെ കലുഷിതമാക്കി മാറ്റിക്കൊണ്ടിരിക്കുന്നതെന്നും ശിവപ്രസാദ് പറഞ്ഞു. കെ.ടി.രാധാകൃഷ്ണന്‍ ടി.കെ.നാരായണനെ അനുസ്മരിച്ചു. പുകസ മേഖലാ പ്രസിഡന്റ് കെ.ശ്രീനിവാസന്‍ അധ്യക്ഷനായി. കിസാന്‍ സഭ കേന്ദ്ര കമ്മിറ്റി അംഗം പി.വിശ്വന്‍, വനിതാ സാഹിതി മേഖലാ കണ്‍വീനര്‍ ആര്‍.കെ.ദീപ എന്നിവര്‍ സംസാരിച്ചു. ആനന്ദന്‍.സി.പി സ്വാഗതവും അശോകന്‍ കോട്ട് നന്ദിയും പറഞ്ഞു.















