
കോഴിക്കോട്: മണ്ണിനെ പൊന്നാക്കിയ കര്‍ഷകര്‍ കുടിയിടങ്ങളില്‍ നിന്ന് ഇറങ്ങേണ്ടി വരുന്ന അവസ്ഥ അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. ദീപികയുടെ
സമന്വയം 2026 പരിപാടിയും പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1972ല്‍ ആ കാലഘട്ടത്തിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് വന്യജീവി നിയമം നടപ്പിലാക്കിയത്. അന്നത്തെ സാഹചര്യമല്ല ഇപ്പോള്‍. മൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യരെ കൊല്ലുന്ന അവസ്ഥയാണുള്ളത്. ഇങ്ങനെ പോയാല്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍പേഴ്സന്റെ കസേരയില്‍ വന്യമൃഗങ്ങള്‍ കയറിയിരിക്കുന്ന സാഹചര്യമുണ്ടാകും. രണ്ടു വര്‍ഷം മുമ്പ് മാനന്തവാടി മുനിസിപ്പല്‍ ഓഫീസിനു സമീപത്താണ് ഒരു കര്‍ഷകനെ കാട്ടുപോത്ത് ആക്രമിച്ചു
കൊന്നത്. വന്യജീവികള്‍ മനുഷ്യരെ ആക്രമിച്ചുകൊല്ലുമ്പോഴും ദൗര്‍ഭാഗ്യവശാല്‍ പലപ്പോഴും മൃഗങ്ങള്‍ക്കൊപ്പമാണ് നീതിന്യായവ്യവസ്ഥകള്‍ നിലകൊള്ളുന്നത്. ഇത്തരം പുഴുക്കുത്തുകള്‍ ഒഴിവാക്കപ്പെടണം. ഭരണഘടനയില്‍ നമ്മള്‍ മാറ്റം വരുത്തിയതുപോലെ നിയമങ്ങളിലും മാറ്റം വരുത്തണം. കര്‍ഷകരില്‍ ആശങ്കയുയര്‍ത്തിയിരിക്കുന്ന പരിസ്ഥിതി ലോല മേഖല വിഷയം കാബിനറ്റ് ചര്‍ച്ച ചെയതിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. വന്യജീവി ശല്യം, പരിസ്ഥിതി ലോല വിഷയം എന്നിവയുമായി ബന്ധപ്പെട്ട് ദീപിക എന്നും കര്‍ഷകരുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 140-ാം വാര്‍ഷികം
ആഘോഷിക്കുന്ന ദീപികയ്ക്ക് ഇനിയും പൂര്‍വാധികം ശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ. കുടിയേറ്റം തുടങ്ങിയ അന്നുമുതല്‍ ഇന്നുവരെ കര്‍ഷക ജനതയ്ക്കു വേണ്ടി ശബ്ദിക്കുന്ന മാധ്യമമാണ് ദീപിക എന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. ദീപിക ഇന്നും മഹത്തായ മാധ്യമധര്‍മം തുടരുകയാണ്. ചൂടുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ പലരും പോകുന്നത് പത്രങ്ങളുടെ സര്‍ക്കുലേഷനെ ബാധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ കാര്യമാണ് ഏറെ കഷ്ടം. ബ്രേക്ക് പോയ ബസുപോലെയാണ് സോഷ്യല്‍ മീഡിയ. കാര്‍ഷിക രംഗത്തും വിദ്യാഭ്യാസമേഖലയിലും ക്രൈസ്തവസമൂഹം നല്‍കിയ സംഭാവനകള്‍ ഏറെയാണ്. അതാണ് കേരളത്തെ മുന്നോട്ട് നീങ്ങാന്‍ സഹായിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
















