കൊച്ചി: അബ്കാരി കേസില്‍ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. റിപ്പോർട്ടർ ചാനൽ ഓഫീസിൽ നിന്നുമാണ് എക്സൈസ് സംഘം ആൻ്റോ
അഗസ്സിനെ അറസ്റ്റ് ചെയ്തത്. വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടില്‍ നിന്ന് വിദേശമദ്യം കണ്ടെത്തിതിനാണ് അറസ്റ്റ്. എന്നാൽ എക്‌സൈസിന്റേത് പ്രതികാര നടപടിയാണെന്നും തന്നെ കുടുക്കിയതാണെന്നും ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി.
‘ഞാന്‍ മദ്യപിക്കാറില്ല. അതുമായി ബന്ധപ്പെട്ട ഒരു കാര്യവും എനിക്കറിയില്ല. എക്‌സൈസുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചുമറിയില്ല. പോയി നോക്കട്ടെ. എഫ്‌ഐആര്‍ പോലും ഇല്ലാതെ അറസ്റ്റിനെത്തിയ സംഘം മണിക്കൂറുകളോളം തടഞ്ഞുവെച്ചു. ഓഫീസിലെത്തിയ സംഘം, രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും എഫ്‌ഐആര്‍
കൈമാറിയില്ല. തുടർന്ന് ഇത് ചോദ്യം ചെയ്തതോടെയാണ് സംഘം എഫ്ഐആർ കൈമാറിയത്.’, ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.
മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡ് അവസാനിപ്പിച്ച് എസ്.ഐ.ടി സംഘം മടങ്ങും മുമ്പേയാണ് എക്സൈസ് സംഘം ഓഫീസിൽ എത്തിയത്. 20 മണിക്കൂർ നീണ്ട റെയ്ഡിൽ എസ്.ഐ.ടി നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയിലെടുത്തു. തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ ആറു മണിയോടെ തുടങ്ങിയ റെയ്ഡ് വ്യാഴാഴ്ച പുലർച്ചെ 2.30-നാണ് അവസാനിച്ചത്.
















