
ന്യൂഡൽഹി: ഡൽഹിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണ് നിരവധിപേർ കുടുങ്ങി. തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ സത്യനികേതനിലെ കെട്ടിടമാണ് തകർന്നത്. അമ്പതോളം
പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇതിൽ ഏറെയും വിദ്യാർത്ഥികളാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കരച്ചിലുകൾ കേൾക്കുന്നായി പ്രദേശവാസികൾ പറയുന്നു.
വിദ്യാർത്ഥികളെ പേയിംഗ് ഗസ്റ്റുകളായി താമസിപ്പിക്കുന്ന ഹോസ്റ്റൽ കെട്ടിടമാണ് ഉച്ചയോടെ തകർന്നുവീണത്. നിരവധി കോളേജുകൾ ഉള്ള സ്ഥലത്ത് വിദ്യാർത്ഥികൾ തിങ്ങിപ്പാർക്കുകയായിരുന്നു. അപകടം നടക്കുമ്പോൾ കെട്ടിടത്തിനുള്ളിൽ നിരവധി
വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. കനത്ത മഴയാണ് അപകടകാരണമെന്നാണ് കരുതുന്നത്.
ഫയർഫോഴ്സും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനുണ്ട്. മണ്ണുമാന്തി
യന്ത്രങ്ങൾ ഉപയോഗിച്ച് ശ്രദ്ധാപൂർവമാണ് അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നത്. രക്ഷാപ്രവർത്തനത്തിനായി അത്യാധുനിക സൗകര്യങ്ങടക്കം കൂടുതൽ രക്ഷാപ്രവർത്തകരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുൻകരുതലെന്ന നിലയിൽ സമീപത്തെ കെട്ടിടങ്ങൾ ഒഴിപ്പിച്ചു.
















