ന്യൂഡൽഹി : ഡൽഹിയിൽ പിജി ഹോസ്റ്റൽ കെട്ടിടം തകർന്ന് 5 പേർ മരിച്ചു. 2 പേരുടെ നില
ഗുരുതരം. 7 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തെക്കൻ ഡൽഹിയിലെ സത്യനികേതന് സമീപമുള്ള അഞ്ച് നില കെട്ടിടമാണ് തകർന്നത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 9 പേരെ രക്ഷപ്പെടുത്തി. 50ലേറെ വിദ്യാർഥികൾ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നിരവധി പേരെ കണ്ടെത്താനുണ്ട്. ഉച്ചക്ക് 1.30ഓടെയായിരുന്നു അപകടം നടന്നത്.
എൻഡിആർഎഫ്, ഡൽഹി അഗ്നിശമനസേന, ഡൽഹി പൊലീസ്, ഡിഡിഎംഎ, എംസിഡി,
സിഎടിഎസ്, സിവിൽ ഡിഫൻസ് എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. അതേസമയം, അപകടത്തിൽ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കെട്ടിട ഉടമയെ ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു.
















