
ഇടുക്കി: തൊടുപുഴ മുതലക്കൊടത്ത് കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടു മരണം. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് തകര്‍ന്നുവീണത്. കെട്ടിടാവിശിഷ്ടങ്ങള്‍ക്ക് അടിയില്‍
കുടുങ്ങിയ നാലു തൊഴിലാളികളില്‍ രണ്ടുപേര്‍ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ മുതലകോടം ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ജീവന് ഭീഷണിയില്ല എന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഇന്ന് ഉച്ചയോടെയാണ് സംഭവം. വൃദ്ധരായ പുരോഹിതരെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിന്റെ ഒരു
ഭാഗമാണ് ഇടിഞ്ഞുവീണത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് ഇടിഞ്ഞ് വീണത്. കെട്ടിടത്തിന്റെ കാല പഴക്കം മൂലമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്
കെട്ടിടത്തിന്റെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീഴുകയായിരുന്നു. മരണപ്പെട്ട അനൂപും ജോയിയും അടക്കം നാല് പേരാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവര്‍ക്ക് മുകളിലേക്കാണ് സ്ലാബും കോണ്‍ക്രീറ്റ് ബീമുകളും പതിച്ചത്. കോണ്‍ക്രീറ്റ് പാളിയുടെ
അടിയില്‍ കുടുങ്ങി കിടന്നവരെ അര മണിക്കൂറോളമെടുത്താണ് പുറത്ത് എത്തിച്ചത് .
കോതമംഗലം രൂപതയുടെ കീഴിലുള്ള മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള സാന്‍ജോ ഭവന് എന്ന കെട്ടിടമാണ് തകര്‍ന്നത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം തഹസില്‍ദാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
















