വടകര: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ സമാനതകളില്ലാത്ത പരാജയത്തിന്റെ പാപഭാരം ജനങ്ങളുടെ തലയിലിടാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ജനാധിപത്യത്തെയും ജനങ്ങളുടെ
രാഷ്ട്രീയ വിവേചനശേഷിയേയുമാണ് വെല്ലുവിളിക്കുന്നതെന്ന് ആര്‍എംപിഐ. കനത്ത തോല്‍വിയുടെ കാരണമായി നേതൃത്വത്തിന്റെ ഗുരുതരമായ ജനവിരുദ്ധ നിലപാടുകളേയും നടപടികളേയും അക്കമിട്ടുനിരത്തി സിപിഎം കേന്ദ്ര കമ്മിറ്റി തന്നെ അംഗീകരിച്ചു പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് അവലോകന രേഖയെയാണ് പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്‍ തന്റെ പയ്യന്നൂര്‍, തളിപ്പറമ്പ് പ്രസംഗങ്ങളിലൂടെ പരസ്യമായി തള്ളിപ്പറഞ്ഞിരിക്കുന്നത്. നേതാക്കളുടെ അഴിമതി, അധികാര ധാര്‍ഷ്ട്യം, ആഡംബര ജീവിതം, തീവ്രവലതുപക്ഷ വികസന സമീപനങ്ങള്‍, പോലീസ്ഭരണകൂട ഭീകരതകള്‍, സംഘപരിവാരവുമായും കേന്ദ്ര സര്‍ക്കാരുമായുള്ള ഒത്തുകളികള്‍, ആഗോള അയ്യപ്പസംഗമവും യോഗീ സന്ദേശ വായനയും വെള്ളാപ്പള്ളി സ്തുതിയുമടക്കമുള്ള മൃദൂഹിന്ദുത്വ നിലപാടുകള്‍, ക്ഷേത്രകൊളളയിലെ പങ്കാളികള്‍ക്കൊരുക്കിയ രാഷ്ട്രീയ സംരക്ഷണം, വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയ സമീപനം, സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങി പിണറായി വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ പതിറ്റാണ്ട് കാലം കേരളത്തിലെ ഭരണത്തിലും കാല്‍നൂറ്റാണ്ട് കാലം കേരള പാര്‍ട്ടിയിലും നടപ്പിലാക്കിയ സകല
ജനവിരുദ്ധതകളേയും കമ്യൂണിസ്റ്റ് വിരുദ്ധതകളേയുമാണ് ഈ ദയനീയ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മൂലകാരണങ്ങളായി സിപിഎം കേന്ദ്ര കമ്മിറ്റി തന്നെ പൊതുസമക്ഷം ഏറ്റുപറഞ്ഞിട്ടുള്ളത്. ഈ ജനവിധിയിലടങ്ങിയ സുവ്യക്തമായ സന്ദേശത്തെയാണ് പിണറായി വിജയന്‍ നിരാകരിക്കാന്‍ ശ്രമിക്കുന്നത്. രക്തസാക്ഷിയുടെ പേരില്‍ പിരിച്ചെടുത്ത ഫണ്ടില്‍ പോലും കൈയ്യിട്ടുവാരാന്‍ മടിയില്ലാത്ത നേതാക്കളെ നിര്‍ലജ്ജം സംരക്ഷിക്കുകയും അവരെ തന്നെ സ്ഥാനാര്‍ഥിയാക്കി ഒരു നാടിന്റെ രാഷ്ട്രീയബോധത്തെ വെല്ലുവിളിക്കുകയും ചെയ്ത സിപിഎമ്മിന്റെ അഴിമതി ധാര്‍ഷ്ട്യനേതൃത്വത്തിന്റെ മുഖമടച്ചേറ്റ അടിയാണ് പയ്യന്നൂരിലെ ജനവിധി. ധനരാജിന്റെ പേരില്‍ പിരിച്ചെടുത്ത കോടികളുടെ രക്തസാക്ഷി ഫണ്ടില്‍ സിപിഎം നേതൃത്വം വമ്പിച്ച വെട്ടിപ്പ് നടത്തിയെന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമായ ആള്‍ തന്നെ പരസ്യമായി നടത്തിയ വെളിപ്പെടുത്തല്‍ പയ്യന്നൂരിലെ മഹാഭൂരിപക്ഷം വരുന്ന സിപിഎം പ്രവര്‍ത്തകരും പാര്‍ട്ടി അനുഭാവികളും അംഗീകരിച്ചുവെന്നതിന്റെ തെളിവാണ് വി.കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയം. തളിപ്പറമ്പിലാകട്ടെ എല്ലാ മാനദണ്ഡങ്ങളും അട്ടിമറിച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ എന്ന പരിഗണനയില്‍ മാത്രം സ്ഥാനാഥിത്വം പ്രഖ്യാപിച്ചതാണ് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും നിരാകരിച്ചത്. ഈ വസ്തുത അംഗീകരിക്കാന്‍ കേന്ദ്രകമ്മറ്റി തയ്യാറായിട്ടും പിണറായി വിജയന്‍ അംഗീകരിക്കില്ലെന്നതാണ് അദ്ദേഹം നടത്തി കൊണ്ടിരിക്കുന്ന ഭീഷണി പ്രസംഗമെന്ന് എന്‍.വേണു പ്രസ്താവനയില്‍ പറഞ്ഞു.















