വടകര: ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട്
റൂറല്‍ ജില്ലാ പോലീസ് വടകരയില്‍ സംഘടിപ്പിച്ച ‘സീനിയര്‍ സിറ്റിസണ്‍സ് മീറ്റിംഗ് & തൂഫാന്‍ കെയര്‍ ഡിക്ലറേഷന്‍’ പരിപാടിയുടെ മുന്നോടിയായി നടന്ന ലഹരിവിരുദ്ധ സന്ദേശ റാലി
ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സാംസ്‌കാരിക ചത്വരത്തില്‍ നിന്ന് ആരംഭിച്ച ലഹരിവിരുദ്ധ സന്ദേശ റാലിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഷാഫി പറമ്പില്‍ എംപി, എംഎല്‍എമാരായ കെ.കെ.രമ, കെ.പ്രവീണ്‍കുമാര്‍, പാറക്കല്‍ അബ്ദുള്ള, ഡിഐജി കെ.കാര്‍ത്തിക്, റൂറല്‍ എസ്പി മെറിന്‍ ജോസഫ് എന്നിവര്‍ തുറന്ന ജീപ്പില്‍ യാത്രയായത് ആവേശക്കാഴ്ചയായി. വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ പങ്കാളിത്തത്തോടെ നടന്ന റാലി ലഹരിക്കെതിരായ ശക്തമായ ജനകീയ മുന്നേറ്റത്തിന്റെ സന്ദേശമായി. റാലി അഞ്ചുവിളക്ക് വഴി വടകര ടൗണ്‍ഹാളില്‍ സമാപിച്ചു. ലഹരിയുടെ വിപത്തില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനൊപ്പം കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും സുരക്ഷിതവും കരുതലോടെയുള്ള അന്തരീക്ഷം ഒരുക്കുന്നതിന് സമൂഹത്തിന്റെ നാനാതലങ്ങളിലുള്ളവരെ ഒരുമിപ്പിക്കുന്ന ജനകീയ സംരക്ഷണവലയമാണ് ‘തൂഫാന്‍ കെയര്‍’ ലക്ഷ്യമിടുന്നത്.















