ആയഞ്ചേരി: മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് കൂടുതല്‍ മധുരവും മഹത്വവും പകരുന്നതിനായി 12ഓളം മദ്രസകളില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്ത് സ്റ്റാര്‍ ഹെല്‍ത്ത്
ഇന്‍ഷൂറന്‍സ് സിഇഒ ക്ലബ് മെമ്പര്‍ എ.സുരേന്ദ്രന്‍. മതങ്ങള്‍ മനുഷ്യന് ആത്മീയത പകരുന്നതിനൊപ്പം സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും നന്മയുടെയും പാതയിലേക്ക് നയിക്കുന്ന മഹത്തായ സംവിധാനങ്ങളാണെന്ന് എ.സുരേന്ദ്രന്‍ പറഞ്ഞു. മതസൗഹാര്‍ദവും പരസ്പര സ്‌നേഹവും സഹോദര്യവും കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സ്‌നേഹസമ്മാന പദ്ധതികള്‍ ഒരുക്കിയതെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. തറോപ്പൊയില്‍ സിറാജുല്‍ ഉലൂം ഹയര്‍സെക്കറി മദ്രസ്സയില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് കമ്മറ്റി പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുള്ളയും സെക്രട്ടറി കോലാറ മൂസയും ചേര്‍ന്ന് സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് കിഴക്കയില്‍ മൂസ ഹാജി, സദര്‍ മുഅല്ലിം നൗഫല്‍ ബാഖവി, മുസ്തഫ ഹുദവി, എ.ടി.കുഞ്ഞബ്ദുള്ള, ഇല്യാസ് കോലാറ, റമീസ് മുസല്യാര്‍, ഇര്‍ഷാദ് റഹ്മാനി തുടങ്ങിയവര്‍ സംബന്ധിച്ചു.















