തൃശ്ശൂർ: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അവകാശപ്പെട്ടതാണെന്നും ആ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും സംസ്ഥാന
സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. തൃശൂരില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച സി.അച്യുതമേനോന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഉപനേതാവ് പദവി കേവലമൊരു അവകാശവാദമല്ലെന്നും മുന്നണിയിലെ പദവികള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് മാത്രമായി അവകാശപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും എന്നാല്‍ ലയനം എന്നത് ഒരു പൈങ്കിളി പദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടതുപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിനെ ലയനമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കിയ ഭരണമായിരുന്നു സി.അച്യുതമേനോന്‍ സര്‍ക്കാരിന്റേത്. ആ സര്‍ക്കാരിനെ ഒരു ഇടതുപക്ഷ സര്‍ക്കാരായി അംഗീകരിക്കാന്‍ എന്തിനാണ് ചിലര്‍ക്ക് മടിയെന്നും അദ്ദേഹം ചോദിച്ചു. എം.എന്‍.ഗോവിന്ദന്‍ നായര്‍ വിഭാവനം ചെയ്ത ചരിത്ര പ്രസിദ്ധമായ ലക്ഷംവീട് പദ്ധതിയുടെ തുടര്‍ച്ചയാണ് ഇന്നത്തെ ലൈഫ് മിഷന്‍ പദ്ധതി. എന്നാല്‍ ലൈഫ് പദ്ധതിയിലൂടെ ലഭിക്കുന്ന വീടുകള്‍ക്ക് മുന്നില്‍ നരേന്ദ്ര മോദിയുടെ ചിത്രം വെക്കണമെന്ന് വാശിപിടിക്കുന്നതില്‍പരം അല്‍പ്പത്തരം വേറെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















