കോഴിക്കോട്: മലബാറിലെ ആയിരക്കണക്കിന് പാവപ്പെട്ട രോഗികളുടെ ചികിത്സാശ്രയ കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുടങ്ങിക്കിടക്കുന്ന കാര്‍ഡിയോ
തൊറാസിക് സര്‍ജറി (ഹൃദ്രോഗ ശസ്ത്രക്രിയ) യന്ത്രത്തകരാര്‍ പരിഹരിച്ച് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു മാസത്തോളമായി ശസ്ത്രക്രിയകള്‍ തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ അടിയന്തര സാഹചര്യമുള്ള രോഗികളെ സ്വകാര്യ ആശുപത്രികളിലേക് റഫര്‍ ചെയ്യുന്ന അവസ്ഥ പാവപ്പെട്ട രോഗികകള്‍ക്ക് സാമ്പത്തികമായി താങ്ങാന്‍ പറ്റുന്നതല്ല. അതു കൊണ്ടു തന്നെ അടിയന്തര ചികിത്സയും സര്‍ജറിയും ആവശ്യമുള്ള രോഗികളെ മരണത്തിന് വിട്ടുകൊടുക്കുന്ന ഈ അതീവ ഗുരുതരമായ അവസ്ഥ ആരോഗ്യ മന്ത്രി നേരിട്ട് ഇടപെട്ട് പരിഹരിക്കണമെന്ന് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ അഭ്യര്‍ഥിച്ചു. ഉള്ള്യേരിയില്‍ നടന്ന ജില്ലാ കമ്മറ്റി യോഗം സംസ്ഥാന ഷറര്‍ ടി.സതീശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം.സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നവീന്‍ ലാല്‍ പാടികുന്ന്, എം.ജിജീഷ്, ടി.വി.രാഖില, മഹമൂദ് മൂടാടി, നാരായണന്‍ തച്ചറക്കല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.കെ.റനീഷ് സ്വാഗതവും ട്രഷറര്‍ എസ്.ഡി.സലീഷ് കുമാര്‍ നന്ദിയും പറഞ്ഞു.















