
കോഴിക്കോട്: റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഭൂമി തരംമാറ്റ, പട്ടയ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കുന്നതിന് പ്രത്യേക കര്‍മപദ്ധതിക്ക് തുടക്കമിട്ടതായി റവന്യൂ മന്ത്രി എ.പി.
അനില്‍കുമാര്‍ അറിയിച്ചു. റവന്യൂ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍, വകുപ്പിന്റെ 100 ദിന കര്‍മ്മ പരിപാടി, ഡിജിറ്റല്‍ റീസര്‍വേ, വികസന പദ്ധതികള്‍ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങിയവയുടെ പുരോഗതി വിലയിരുത്താന്‍ ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടത്തി.
നിലവില്‍ സംസ്ഥാനത്തൊട്ടാകെ ഏതാണ്ട് 2.5 ലക്ഷത്തോളം ഭൂമി തരംമാറ്റ അപേക്ഷകള്‍ കെട്ടിക്കിടപ്പുണ്ട്. ഇതില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം 35,000-ത്തിലധികം അപേക്ഷകളാണ്
തീര്‍പ്പാക്കാനുള്ളത്. 100 ദിവസത്തെ കര്‍മപരിപാടിയിലൂടെ കുറഞ്ഞത് 25,000 അപേക്ഷകളെങ്കിലും പൂര്‍ണമായി തീര്‍പ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കോഴിക്കോട് ജില്ലയില്‍ നിശ്ചയിച്ച ക്വാട്ടയേക്കാള്‍ കൂടുതല്‍ പട്ടയ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ സന്നദ്ധത അറിയച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് അഞ്ച് സെന്റ് മുതല്‍ 15 സെന്റ് വരെയുള്ള സാധാരണക്കാരുടെ അപേക്ഷകളില്‍ ഉദാരമായ സമീപനം സ്വീകരിക്കും. പ്രത്യേകിച്ച്, വീട് നിര്‍മ്മിക്കുന്നവര്‍ക്ക് ഭൂമി തരംമാറ്റം അത്യന്താപേക്ഷിതമായതിനാല്‍ ഈ വിഭാഗത്തിന് പ്രത്യേക മുന്‍ഗണന
നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
പട്ടയ വിതരണത്തിന്റെ കാര്യത്തില്‍ തീരദേശ മേഖലയിലെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെയും തടസ്സങ്ങള്‍ ഒഴിവാക്കി വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കും. മലയോര മേഖലകള്‍, ആദിവാസി മേഖലകള്‍, പട്ടികജാതി മേഖലകള്‍ എന്നിവിടങ്ങളില്‍ 10 മുതല്‍ 15 സെന്റ് വരെ ഭൂമിയുള്ള അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കും.
പട്ടയം വഴി ലഭിച്ച ഭൂമി കൈമാറ്റം ചെയ്യുന്നതിനായുള്ള പഴയ കാലപരിധിയിലെ നിബന്ധനകള്‍ ലളിതമാക്കാനും ഉപാധി രഹിത പട്ടയം നല്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഭൂമി ലഭിച്ച വ്യക്തിക്ക് അതിന്റെ പൂര്‍ണമായ അവകാശവും വിനിയോഗ സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന തരത്തിലുള്ള നിയമപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. കൂടാതെ, വിവിധ താലൂക്കുകളില്‍
ദീര്‍ഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രാദേശിക ഭൂപ്രശ്നങ്ങള്‍ പ്രത്യേകമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഭരണപരമായ തടസ്സങ്ങള്‍ ഒഴിവാക്കി സാധാരണക്കാരായ ജനങ്ങള്‍ക്ക് ഭൂമിയില്‍ പൂര്‍ണ്ണ അവകാശം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
യോഗങ്ങളില്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എച്ച്. ദിനേശന്, ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി, സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ജെ.ഒ അരുണ്‍, എ.ഡി.എം ഷറീന ക., സബ് കളക്ടര്‍ എസ് ഗൗതം രാജ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി.കെ ജയശ്രീ, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















