തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കൈയേറ്റവും തുടര്‍ന്നുണ്ടായ കേസ് അന്വേഷണവും അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍
മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും എഡിജിപിയുമായ എം.ആര്‍.അജിത് കുമാറിന് സസ്‌പെന്‍ഷന്‍. കേസിലെ പ്രതികളായ മുന്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്യൂരിറ്റി ജീവനക്കാരെ സംരക്ഷിക്കാന്‍ ക്രമവിരുദ്ധമായി ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. കേസിലെ പ്രതികളെ രക്ഷിക്കുന്നതിനായി കേസ് ഡയറിയിലെ ഫയലുകളില്‍ തിരുത്തല്‍ വരുത്താന്‍ അജിത് കുമാര്‍ കീഴുദ്യോഗസ്ഥരെ നിര്‍ബന്ധിച്ചതായും നിര്‍ദേശങ്ങള്‍ നല്‍കിയതായും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങളുടെ ഫോണ്‍ സംഭാഷണങ്ങള്‍, സാക്ഷിമൊഴികള്‍, സാഹചര്യതെളിവുകള്‍ എന്നിവ കൃത്യമായി ശേഖരിച്ചാണ് എഡിജിപി കുറ്റക്കാരനാണെന്ന നിഗമനത്തില്‍ എസ്‌ഐടി എത്തിയത്. ആദ്യം നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ അജിത് കുമാറിന്റെ പങ്ക് വ്യക്തമായി ചൂണ്ടിക്കാണിച്ചിരുന്നില്ല. തുടര്‍ന്ന് ഉന്നതതല ഇടപെടലുകളില്‍ വ്യക്തത വരുത്താന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചതോടെയാണ് എസ്‌ഐടി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എസ്‌ഐടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അജിത് കുമാറില്‍ നിന്നും
സംസ്ഥാന പൊലീസ് മേധാവി രേഖാമൂലം വിശദീകരണം തേടിയിരുന്നു. കേസ് അട്ടിമറിക്കാന്‍ ഇടപെട്ടെന്നു പറയുന്ന സമയത്ത് താന്‍ മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നുവെന്നാണ് ഡിജിപിക്ക് നല്‍കിയ മറുപടിയില്‍ അജിത്കുമാര്‍ അവകാശപ്പെട്ടത്. ഇതുസംബന്ധിച്ച യാത്രാരേഖകളും കൈമാറിയിരുന്നു. കേസ് ഡയറി തിരുത്താന്‍ ഓഫിസിലെ ഗ്രേഡ് എസ്‌ഐമാര്‍ക്കു നിര്‍ദേശം നല്‍കിയതായുള്ള ആരോപണവും അദ്ദേഹം നിഷേധിച്ചിരുന്നു. ഉദ്യോഗസ്ഥന്റെ മറുപടിയും എസ്‌ഐടി കണ്ടെത്തലുകളും ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഡിജിപി കൈമാറിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങിയത്.















