വടകര: കടത്തനാട് റിസര്‍ച്ച് സെന്റര്‍ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘ലക്ഷം ഫലവൃക്ഷം പദ്ധതി 2026’ ന് വള്ളിക്കാട് ബാലവാടിയില്‍ തുടക്കമായി. പടിക്കല്‍ വീട്ടുപരിസരത്ത് ചേര്‍ന്ന
പരിപാടിയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പ്രചോദനകേന്ദ്രമായ 104 വയസുകാരി കൊല്ലന്റവിട നാണിയമ്മ വിദ്യാര്‍ഥികളായ ആദിത്യനും ആദ്രികയ്ക്കും ആര്യവേപ്പിന്‍ തൈ നല്‍കിക്കൊണ്ട് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. വടകര ജാഗ്രത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ ജാഗ്രത ചെയര്‍മാന്‍ ശ്രീജിത്ത് പടിക്കല്‍ അധ്യക്ഷനായി. വ്യക്തികള്‍, ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍, പൊതു പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതിപ്രാവര്‍ത്തികമാക്കുന്നത്. വ്യത്യസ്ത ഫലവൃക്ഷങ്ങള്‍ വീടുകളിലെത്തിച്ചു ഭക്ഷ്യസ്വയം പര്യാപ്തതയും ആഗോളതാപനമടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും പദ്ധതി ലക്ഷ്യം വെക്കുന്നു. ജാഗ്രത ജനറല്‍ സെക്രട്ടറി കെ.പത്മനാഭന്‍, ജാഗ്രത വൈസ് ചെയര്‍മാന്‍ വി.ഗോപാലന്‍, പുരോഗമന കലാ സാഹിത്യ സംഘം ഒഞ്ചിയം ഏരിയാ സെക്രട്ടറി
എം.കെ.വസന്തന്‍, കടത്തനാട് റിസര്‍ച്ച് സെന്റര്‍ സെക്രട്ടറി ഡോ. പി.പി.ഷാജു, കെ.അശോകന്‍, നിധിന്‍.ജെ, ആനന്ദ് തിരുവോത്ത്, പി.കെ.വിനീത്, ജാഗ്രത പൊതുമുതല്‍ സംരക്ഷണ സമിതി സെക്രട്ടറി എം.വി.പ്രദീപ് കുമാര്‍ എം.കെ.രമേശന്‍, പി.കെ.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. നൂറ് കണക്കിന് ആളുകള്‍ക്ക് പരിപാടിയില്‍ വിവിധങ്ങളായ ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു. ‘ആരോഗ്യപരമായ ജീവിതം ഊര്‍ജദായകമായ ഭക്ഷണം’ എന്ന വിഷയത്തില്‍ ഡോ. യു.പത്മനാഭന്‍ ക്ലാസെടുത്തു. പരിപാടിയില്‍ ആരോഗ്യ ജീവകാരുണ്യ നിയമ സഹായ രംഗങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നിസ്തുലസേവനം നല്‍കി വരുന്ന ജാഗ്രത ചെയര്‍മാന്‍ ശ്രീജിത്ത് പടിക്കലിനെ ചോറോട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ വി.കെ.അജേഷ് ആദരിച്ചു.















