
തിരുവനന്തപുരം: വധശ്രമക്കേസില്‍ പിടിയിലായ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ റിമാന്റില്‍. വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ സുഗതനാണ്
പിടിയിലായത്. അറസ്റ്റിനിടെ വട്ടിയൂര്‍ക്കാവില്‍ വന്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്താണ് അനുയായികളെ പിന്തിരിപ്പിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണത്ത് എത്തി സുഗതനെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘത്തെ സുഗതന്റെ അനുയായികള്‍ വളഞ്ഞു. എസ്എച്ച്ഒ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് പ്രതിയുമായി
പുറത്തുകടക്കാന്‍ കഴിയാത്തവിധം പ്രതിരോധമാണ് അനുയായികള്‍ തീര്‍ത്തത്.
ഇതേത്തുടര്‍ന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നു രക്ഷപ്പെടാനും സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനുമായി വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒ വിപിന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ക്കേണ്ടിവന്നു. ഇതിനുശേഷമാണ് സാഹസികമായി കീഴ്‌പ്പെടുത്തിയ പ്രതിയുമായി പോലീസ് സംഘം കടന്നത്. സംഘര്‍ഷത്തില്‍ എസ്എച്ച്ഒ വിപിന്‍, എസ്‌ഐ അഭിജിത്ത് എന്നിവര്‍ക്ക്
പരിക്കേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉത്സവപ്പറമ്പിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരാളെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് സുഗതനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ സുഗതന്‍ നേരത്തെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ജൂണ്‍ ഏഴിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ സുഗതന്‍ സ്റ്റേഷനില്‍ ഹാജരാകാതെ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ പരിധിയിലുണ്ടെന്ന
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിനൊടുവിലാണ് പോലീസ് ഇയാളെ പിടികൂടുന്നത്. ചിക്കന്‍പോക്സ് ആയതിനാലാണ് സ്റ്റേഷനില്‍ ഹാജരാവാതിരുന്നതെന്നും അറസ്റ്റിനെത്തിയ പോലീസ് ഭാര്യയേയും മകളെയും മര്‍ദിച്ചെന്നും സുഗതന്‍ പറഞ്ഞു.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സുഗതനെ റിമാന്റ് ചെയ്തിരിക്കുന്നത്. പോലീസിനെ ആക്രമിച്ചെന്ന് കാട്ടി സുഗതനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.
















