
തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പകര്‍ച്ച വ്യാധികള്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഭാവിയില്‍ വ്യാപനം തടയുന്നതിന് ഹൈപവര്‍ കമ്മിറ്റിയെ
നിയോഗിച്ചതായും ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. നിപ 38 ടെസ്റ്റുകള്‍ നടത്തിയതില്‍ 37ഉം നെഗറ്റീവ് ആണ്. സംസ്ഥാനത്ത് ഈ മാസം 70 പേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. ഈ വര്‍ഷം ആകെ അഞ്ച്ഷിഗല്ല മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് മരണം. കോഴിക്കോട്ടും മലപ്പുറത്തും രണ്ടു വീതം മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്ട് ചികിത്സയിലുള്ള ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്.
ഈ വര്‍ഷം ഇതുവരെ 146 പേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വിപുല യോഗം ചേര്‍ന്നിരുന്നു. യോഗത്തിലെ അഭിപ്രായ പ്രകാരം
പകര്‍ച്ച വ്യാധികളുടെ നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റിയെ നിയോഗിച്ചു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കണ്‍സള്‍ട്ടന്റായ ഡോ. എസ്.എസ്. ലാലിനെ ചുമതലപ്പെടുത്തി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് കോ-ഓര്‍ഡിനേറ്ററായും ഡോ. ശ്രീജിത് എന്‍. കുമാര്‍ കണ്‍വീനറായും പ്രവര്‍ത്തിക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടര്‍മാരും ആയുഷ് വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യ
സുരക്ഷാ വകുപ്പ് എന്നിവയില്‍ നിന്നുള്ള വിദഗ്ധരും കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തദ്ദേശ സ്വയം ഭരണവകുപ്പിനെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കലണ്ടര്‍ തയ്യാറാക്കും. ഹൈപ്പവര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കും.
പകര്‍ച്ച വ്യാധി നിയന്ത്രണത്തിന് ജില്ലാ തലത്തില്‍ ഔട്ട്‌ബ്രേക്ക് മോണിറ്ററിങ് യൂണിറ്റ് രൂപീകരിക്കും. പ്രതിരോധത്തിന് ജില്ലാ തലത്തില്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിക്കും. ആര്‍.ആര്‍.ടിമാരും ഇതിന്റെ ഭാഗമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
















