
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി പദത്തില്‍ നിന്നു രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയില്‍ മന്ത്രിസഭാംഗങ്ങള്‍ക്ക്
ഒരുക്കിയ പ്രാതല്‍വിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്.
പ്രഭാതഭക്ഷണ യോഗത്തിനിടെ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയുടെ കാല്‍ തൊട്ടുവണങ്ങി. പിന്നാലെ, ശിവകുമാറിന് പരിപൂര്‍ണ പിന്തുണ നല്‍കണം എന്ന് സിദ്ധരാമയ്യ സഹമന്ത്രിമാരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ആവശ്യപ്പെട്ടതായാണ് വിവരം.
വൈകുന്നേരം മൂന്നോടെ അദ്ദേഹം രാജി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജി സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ടിനെ കാണാന്‍ അദ്ദേഹം സമയം തേടിയിട്ടുള്ളതായാണ് വിവരം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കര്‍ശന
നിര്‍ദേശത്തെത്തുടര്‍ന്നാണ് ഈ തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും സിദ്ധരാമയ്യ കാണും.
ഇതോടെ, ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് ഇനി ഔദ്യോഗിക നടപടി ക്രമങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. വെള്ളിയാഴ്ച കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. ഇതില്‍ ഡി.കെ. ശിവകുമാറിനെ പുതിയ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കും. നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ്‌സിംഗ് സുര്‍ജേവാല ബംഗളൂരുവിലെത്തിയിരുന്നു.
















