
തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടു
ത്തു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. സെൻട്രൽ സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി നടന്ന ചടങ്ങ് ആവേശഭരിതമായി.
വി.ഡി. സതീശന് പിന്നാലെ മന്ത്രിസഭയിലെ രണ്ടാമനായ പി.കെ. കുഞ്ഞാലിക്കുട്ടിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കുഞ്ഞാലിക്കുട്ടി ദൈവനാമത്തിലും സൃഷ്ടാവിന്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമനായി രമേശ് ചെന്നിത്തലയും സത്യപ്രതിജ്ഞ ചെയ്തു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ കെ മുരളീധരൻ ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്ത് വ്യത്യസ്തനായി.
തുടർന്ന് മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സിപി ജോൺ, എപി
അനിൽകുമാർ, എൻ ഷംസുദ്ദീൻ, പിസി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, എം ലിജു, കെഎം ഷാജി, പികെ ബഷീർ, വിഇ അബ്ദുൾ ഗഫൂർ, ടി സിദ്ദിഖ്, കെഎ തുളസി, ഒജെ ജനീഷ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, ഐഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
















