
കൊയിലാണ്ടി: നൂറ്റിമുപ്പത് വര്ഷങ്ങള്ക്കു ശേഷം പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തില് അരങ്ങേറിയ കൃഷണനാട്ടം ആസ്വാദകര്ക്ക് ദര്ശനപുണ്യമായി.
പ്രതിഷ്ഠാദിന ആഘോഷത്തിന്റെ ഭാഗമായാണ് കൃഷ്ണനാട്ടം അവതരിപ്പിച്ചത്.
ശ്രീകൃഷ്ണന്റെ ജീവിതകഥകളെ ആസ്പദമാക്കി അവതരിപ്പിക്കുന്ന വിശുദ്ധ അനുഷ്ഠാനകലയാണ് കൃഷ്ണനാട്ടം. കഥകളിയുടെ മൂലകലയായി കണക്കാക്കപ്പെടുന്ന ഈ നൃത്തനാടകം പതിനേഴാം നൂറ്റാണ്ടില് കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദന് രാജാവാണ് ചിട്ടപ്പെടുത്തിയത്.
130 വര്ഷങ്ങള്ക്കു മുമ്പ് പന്തലായനി അഘോര ശിവക്ഷേത്രത്തില് കൃഷണനാട്ടം കളി
നടന്നതായും സാംസ്കാരിക പ്രമുഖരില് പലരും കൃഷ്ണനാട്ടം ദര്ശിക്കാന് എത്തിയതായും ചരിത്ര രേഖയില് കാണുന്നു. കുഞ്ഞിക്കുട്ടന് തമ്പുരാന് ഈ ക്ഷേത്രത്തിലെത്തി കൃഷണനാട്ടം ആസ്വദിച്ചതായി അദ്ദേഹത്തിന്റെ കവിതകള് വ്യക്തമാക്കുന്നുണ്ട്.
എല്ലാ കാലവും കലകളെ പ്രോത്സാഹിപ്പിക്കുന്ന പന്തലായനി അഘോര ശിവക്ഷേത്രം പാരമ്പര്യവും ആത്മീയതയും കലാ സൗന്ദര്യവും സമന്വയിപ്പിച്ച് നിലകൊള്ളുന്ന ആരാധനാലയമാണ്. വര്ഷങ്ങള്ക്കു ശേഷം നടന്ന കൃഷ്ണനാട്ടം കണ്ട് സായൂജ്യമടയാന് നിരവധി ഭക്തജനങ്ങളാണ് കഴിഞ്ഞ ദിവസം ക്ഷേത്രത്തില് എത്തിയത്.
-സുധീര് കൊരയങ്ങാട്
















