
വടകര: കേരളത്തെ അപമാനിക്കാനും രാജ്യത്ത് വംശീയവും വര്‍ഗീയവുമായ വിദ്വേഷം ഇളക്കി വിടാനും ലക്ഷ്യമാക്കി നിര്‍മിച്ച ‘ദി കേരള സ്റ്റോറി’യുടെ
രണ്ടാം ഭാഗത്തിനെതിരെ ജനകീയപ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എഫാസ് വാര്‍ഷിക ജനറല്‍ബോഡി ആഹ്വാനം ചെയ്തു. മതേതരത്വത്തിനും സാമുദായിക സൗഹാര്‍ദത്തിനും പേരുകേട്ട കേരളത്തെ വിഷംതേച്ച നുണകള്‍ പ്രചരിപ്പിച്ച് അപമാനിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിന്റെ തുടര്‍ച്ചയായാണ് ദി കേരള സ്റ്റോറി എന്ന സിനിമ നേരത്തെ പുറത്തിറങ്ങിയത്. ആ സിനിമക്കെതിരെ അതിശക്തമായ പ്രതിഷേധം കേരളം ഉയര്‍ത്തിയിരുന്നു. അതിന്റെ രണ്ടാം ഭാഗം ഇറക്കുക വഴി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. വികസനസൂചികയിലും മതേതരത്വത്തിലും വിദ്യാഭ്യാസത്തിലും രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ യഥാര്‍ഥ ചിത്രം മറച്ചുവെച്ച് നുണക്കഥകള്‍ പ്രചരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്ന് യോഗം
കുറ്റപ്പെടുത്തി. വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ എഫാസ് പ്രസിഡന്റ് പി.കെ.കൃഷ്ണദാസ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.വത്സകുമാര്‍ റിപ്പോര്‍ട്ടും ഖജാന്‍ജി വി.ടി.സദാനന്ദന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി.എം.ലീന, കെ.എം.നാരായണന്‍, വി.കെ.രാജന്‍, കെ.രജീഷ്, കെ.കെ.നാരായണന്‍, വി.പി.വിശ്വന്‍, റീന ജയരാജ്, കെ.കെ.അനീഷ് കുമാര്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.കെ.കൃഷ്ണദാസ് (പ്രസിഡന്റ്), സി.വത്സകുമാര്‍ (ജന.സെക്രട്ടറി), വി.ടി.സദാനന്ദന്‍ (ട്രഷറര്‍).















