
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ചു. രാവിലെ 10 മുതല്‍ രാത്രി 12 വരെയാണ് പുതിയ സമയക്രമം. ഇതിന്റെ ഉത്തരവ് നികുതി വകുപ്പ് ഇന്നലെ പുറത്തിറക്കി. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്
ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം, ക്ലബുകളുടെ സമയക്രമത്തില്‍ മാറ്റമില്ല.
ടൂറിസം കേന്ദ്രങ്ങളിലെ ബാറുകളുടെ പ്രവര്‍ത്തന സമയം 10 മുതല്‍ രാത്രി 12 വരെയാണ്. 89 ഓളം ടൂറിസം കേന്ദ്രങ്ങളാണ് നേരത്തെ കണ്ടെത്തിയിട്ടുള്ളത്. 100 ഓളം ബാറുകളാണ് ഈ മേഖലകളിലുള്ളത്. എന്നാല്‍, ബാറുകള്‍ക്കാവട്ടെ ഈ സമയക്രമം കിട്ടുന്നുമില്ല. ഇത് ഒഴിവാക്കാനാണ് പുതിയ തീരുമാനം. ബാറുടമകളുടെ സംഘടനയും ഈ ആവശ്യം
ഉന്നയിച്ചിരുന്നു. എന്നാല്‍, ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ചില്ലറ വില്പനശാലകളുടെ സമയം നീട്ടുന്നില്ല. രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് ചില്ലറ വില്പന ശാലകള്‍ പ്രവര്‍ത്തിക്കുന്നത്. വിനോദ സഞ്ചാര മേഖലയിലെ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് പുലര്‍ച്ചെ മൂന്ന് വരെ അധിക ഫീസ് ഈടാക്കി പ്രവര്‍ത്തനാനുമതി നല്‍കും. അഞ്ച് ലക്ഷം രൂപയാണ് അധികം നല്‍കേണ്ട വാര്‍ഷിക ഫീസ്.
















