വടകര: കേരളത്തിലെ ഒരു സാധാരണ സഹകരണ സംഘത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് പാലേരി
രമേശന്റേതെന്ന് ഷാഫി പറമ്പില്‍ എംപി അഭിപ്രായപ്പെട്ടു. ഉരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പരമ്പരാഗത തൊഴിലാളി സഹകരണ സംഘത്തെ ഐടി, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ആധുനിക മേഖലകളിലേക്ക് വിപുലീകരിക്കാനും വൈവിധ്യവത്കരണത്തിലൂടെ നവീകരിക്കാനും അദ്ദേഹം കാണിച്ച ദീര്‍ഘവീക്ഷണവും വിപ്ലവകരമായ നേതൃപാടവവും മാതൃകാപരമാണ്. സാധാരണക്കാരായ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കിക്കൊണ്ടുതന്നെ പ്രൊഫഷണലിസത്തിലും ക്വാളിറ്റിയിലും വിട്ടുവീഴ്ചയില്ലാതെ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സഹകരണ പ്രസ്ഥാനത്തിനും കേരളത്തിന്റെ വികസനത്തിനും പാലേരി രമേശന്‍ നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുമെന്ന് ഷാഫി പറമ്പില്‍ എംപി അനുശോചനക്കുറിപ്പില്‍ പറഞ്ഞു.















