മണിയൂര്‍: കുറുന്തോടിയിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന
വി.സി.ബാലന് നാട് വിട നല്‍കി. മണ്ണിനും തൊഴിലിനും വേണ്ടി നടത്തിയ സമര പോരാട്ടങ്ങളിലെ മുന്നണി പോരാളിക്ക് അന്ത്യാഞ്‌ലി അര്‍പ്പിക്കാന്‍ നൂറു കണക്കിന്
ആളുകളെത്തി. തന്റെ ആഗ്രഹ പ്രകാരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനായി മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിന് വിട്ടു നല്‍കി. റോഡ് നിര്‍മാണവും പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കലും തുടങ്ങി നിരവധിയായ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ നീണ്ട ചരിത്രമുണ്ട് ബാലന്. പാവപ്പെട്ടവന് ഒരു പിടി മണ്ണിനും ഒരു ഒരു വീടിനുമായി നടന്ന തോട്ടക്കാട് മിച്ചഭൂമി സമരത്തില്‍ വളണ്ടിയറായി ദിവസങ്ങളോളം പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കെതിരെ നടത്തിയ പ്രതിരോധത്തില്‍ ദീര്‍ഘനാള്‍ ജയില്‍ വാസവും അനുഷ്ടിച്ചിട്ടുണ്ട്. പ്രസവ വേദന കിട്ടിയ സ്ത്രീകളെയും കോളറ പോലുള്ള അസുഖങ്ങള്‍ ബാധിച്ച രോഗികളെയും മഞ്ചലില്‍ ചുമന്ന് വടകര ധര്‍മാശുപത്രിയില്‍ എത്തിച്ചതും ആ അനുഭവത്തിലൂടെ റോഡുകളുടെ ആവശ്യകതയെക്കുറിച്ച് ആളുകളെ ബോധവാന്‍മാരാക്കിയതും പ്രാദേശിക ചരിത്രരചനയില്‍ രേഖപ്പെടുത്തി. കുട്ടോത്ത്-അട്ടക്കുണ്ട് റോഡിനും ബേങ്ക് റോഡ്-കുറുന്തോടി റോഡിനും ആദ്യാവസാനം ഇടപെട്ടതും താന്‍ നടന്ന ജീവിത വഴികളും നാടിന്റെ ചരിത്രവും ഇഴപിരിക്കാന്‍ കഴിയാത്ത ഏടുകളായി ‘ഊടുവഴിയിലെ ഓര്‍മകള്‍’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തി. മരണം വരെ സിപിഎം
അംഗമായും പുതു തലമുറയെ പാര്‍ടിക്കായി വളര്‍ത്തിയെടുക്കുന്നതിലും മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി.ഭാസ്‌കരന്‍, കെ.കെ.ദിനേശന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ.ദിവാകരന്‍, കെ.ടി.കുഞ്ഞിക്കണ്ണന്‍, കെ.പുഷ്പജ, ഏരിയ സെക്രട്ടറി ടി.പി.ഗോപാലന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. സര്‍വകക്ഷി അനുശോചന യോഗത്തില്‍ പഞ്ചായത്തംഗം ബിജിത്ത് ലാല്‍ തെക്കേടത്ത് അധ്യക്ഷനായി. ടി.പി.ഗോപാലന്‍, പി.കെ.ദിവാകരന്‍, കൊളായി രാമചന്ദ്രന്‍, സി.വിനോദന്‍, കുഞ്ഞമ്മദ് മഠത്ത്കണ്ടി, പി.എം.ബാലന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.പ്രദീപന്‍ സ്വാഗതം പറഞ്ഞു.















