
വടകര: ഒഞ്ചിയം പഞ്ചായത്തിലെ നാദാപുരംറോഡില്‍ നിന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്ന സഹകരണ പ്രസ്ഥാനത്തെ ഗുണമേന്മയുടെയും ഈട് നില്‍പിന്റെയും പിന്‍ബലത്തില്‍ ലോകത്തോളം വളര്‍ത്തിയ കഥയാണ് യുഎല്‍സിസിഎസ്
ചെയര്‍മാന്‍ രമേശന്‍ പാലേരിയുടേത്. രമേശന്‍ ചുമതലയേറ്റെടുത്തതോടെയാണ് ഒരു മഹത്തായ സംരംഭമായി യുഎല്‍സിസിഎസ് മാറുന്നത്. സംസ്ഥാനത്തെങ്ങുമുള്ള നിര്‍മാണപ്രവൃത്തിക്ക് ഊരാളുങ്കല്‍ തന്നെ വേണമെന്ന ചിന്ത ഭരണകര്‍ത്താക്കളിലും അല്ലാത്തവരിലും വന്നത് അതിന്റെ സല്‍പേരിന്റെ കരുത്തിലാണ്. ആ സല്‍പേരാവട്ടെ ഗുണമേന്മയുടെ പിന്‍ബലത്തിലും. അത് പിന്നീട് ലോകത്തോളം വളരുകയായിരുന്നു.
അഴിമതിയും ക്രമക്കേടും കരാറുകാരുടെ കൂടപ്പിറപ്പുകളാണെന്ന ദുഷ്‌പേര് നിലനില്‍ക്കെയാണ് വലിയ പൊളിച്ചെഴുത്തുമായി രമേശന്‍ പാലേരിയുടെ കടന്നുവരവ്.
കോഴിക്കോട് ബൈപ്പാസ് പ്രവൃത്തി തന്നെ ഉദാഹരണം. മുപ്പത് മാസമായിരുന്നു നിര്‍മാണ
കാലാവധി. കരാറില്‍ അത് 24 മാസമാക്കി. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശനോട് ചോദിച്ചു: ’18 മാസം കൊണ്ട് പ്രവൃത്തി തീര്‍ക്കാമോ?’ ’16 മാസം കൊണ്ട് തീര്‍ക്കാം’ എന്നായിരുന്നു മറുപടി. യുഎല്‍സിസിഎസ് തൊഴിലാളികള്‍ ആ വാക്ക് പാലിച്ചപ്പോള്‍ നിര്‍മാണമേഖലയില്‍ പിറന്നത് പുതുചരിത്രം. അനന്തമായി നീണ്ടുപോകുന്ന പ്രവൃത്തികള്‍ക്കിടയില്‍ രജതരേഖയായി ഈ സംഭവം മാറി.
കോഴിക്കോട് സിറ്റി റോഡ്, കരമന-കളിയിക്കാവിള റോഡ്, മലയോര ഹൈവേ, ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്, പാലാരിവട്ടം മേല്‍പ്പാലം, രാമനാട്ടുകര ഫ്‌ളൈ ഓവര്‍, കോരപ്പുഴ പാലം, വലിയഴീക്കല്‍ പാലം, തൊണ്ടയാട് മേല്‍പ്പാലം, ഗുരുവായൂര്‍ കാര്‍ പാര്‍ക്കിംഗ്, കളമശ്ശേരി
സ്റ്റാര്‍ട്ടപ്പ് മിഷന്‍, കുന്നംകുളം ബസ് സ്റ്റാന്‍ഡ്, എസ്ഡിഎഫ് സിഎസ്ഇ സെഡ്. കാക്കനാട്, കെ.എസ്.എഫ്.ഇ. ഹെഡ് ഓഫീസ്, പൊന്നാനി ഫ്‌ലാറ്റ് പദ്ധതി, എന്‍എച്ച് 66 ലെ തലപ്പാടി റീച്ച് തുടങ്ങിയവ പ്രധാനപ്പെട്ട പ്രവൃത്തികളില്‍ ചിലത് മാത്രം.
പതിനെട്ടായിരത്തോളം തൊഴിലാളികള്‍. ഇതില്‍ 1500-ഓളം എന്‍ജിനീയര്‍മാര്‍. നിര്‍മാണരംഗത്ത് സമ്പൂര്‍ണ സ്വയംപര്യാപ്തത. നിലവില്‍ 4700 കോടി രൂപയുടെ 800-ഓളം പ്രവൃത്തികള്‍. 2500 കോടി രൂപയുടെ വരുമാനം. ഐടി, ടൂറിസം തുടങ്ങി വിവിധ മേഖലകളിലായി 15-ഓളം സ്ഥാപനങ്ങള്‍ അങ്ങനെ വളര്‍ച്ചയുടെ കുതിപ്പിലാണ് ഈ മഹത്തായ സഹകരണസംഘം.
നൂറു വര്‍ഷം മുമ്പ് സാമൂഹിക പരിഷ്‌കര്‍ത്താവ് വാഗ്ഭടാനന്ദന്‍ തുടക്കം കുറിച്ച പ്രസ്ഥാനമാണ് വടകരക്കാര്‍ക്കും കേരളത്തിനും അഭിമാനമായി വളര്‍ന്ന ഊരാളുങ്കല്‍
സൊസൈറ്റി. 1926 ഫെബ്രുവരി 13-നാണ് ഊരാളുങ്കല്‍ കൂലിവേലക്കാരുടെ സംഘം രജിസ്റ്റര്‍ ചെയ്യുന്നത്. മൂലധനം 36 പൈസ. വാഗ്ഭടാനന്ദന്റെ ശിഷ്യന്മാരായ 14 പേരായിരുന്നു പ്രൊമോട്ടിംഗ് കമ്മിറ്റി അംഗങ്ങള്‍. ചാപ്പയില്‍ കുഞ്ഞ്യേക്ക് ഗുരുക്കളെ ആദ്യത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തു. 1926 മെയില്‍ സൊസൈറ്റിക്ക് ആദ്യ കരാര്‍ജോലി കിട്ടി. നിരത്തുകള്‍ നന്നാക്കലായിരുന്നു അത്. പ്രവൃത്തിക്ക് മുന്‍കൂര്‍പണം വേണ്ടതിനാല്‍ മലബാര്‍ ഡിസ്ട്രിക്ട് ബാങ്കില്‍നിന്ന് 500 രൂപ വായ്പ വാങ്ങി.
36 പൈസ മൂലധനത്തേക്കാള്‍ ആത്മവിശ്വാസമായിരുന്നു സംഘത്തിന്റെ കരുത്ത്. 925 രൂപയുടെ കരാറില്‍ തുടങ്ങിയ സംഘം എത്തിനില്‍ക്കുന്നത് 1700 കോടിയുടെ ദേശീയപാതാ നവീകരണ കരാറിലാണ്. യുഎല്‍സിസിഎസ് ഇതുവരെ ഏറ്റെടുത്തതില്‍ ഏറ്റവും വലിയ തുകയ്ക്കുള്ള കരാറാണ് തലപ്പാടി-ചെങ്കള 39 കിലോമീറ്റര്‍ ദേശീയപാതാ നവീകരണം.
1995ല്‍ മുപ്പത്തിയഞ്ചാം വയസിലാണ് രമേശന്‍ പാലേരി യുഎല്‍സിസിഎസിനെ നയിക്കാന്‍
എത്തുന്നത്. തൊഴിലാളികളുടെ കരുത്തില്‍ നാടിന്റെ വികസനമെന്ന സന്ദേശം പകര്‍ന്നാണ് അദ്ദേഹം ജൈത്രയാത്ര തുടങ്ങിയത്. അഴിമതി ഇല്ലാതെ, തികഞ്ഞ ഗുണമേന്മയോടെ, സമയബന്ധിതമായി ആധുനികകേരളം സൃഷ്ടിക്കാനുള്ള ഉറപ്പാണ് രമേശന്‍ പാലേരി മുന്നോട്ട് വെച്ചത്. പടിപടിയായി അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്ഥാനമായ യുഎല്‍സിസിഎസും ഓരോ മലയാളിയുടെയും ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു.
സംസ്ഥാനത്തെ മികച്ച സഹകാരിക്കുള്ള കേരളസര്‍ക്കാരിന്റെ ആദ്യ റോബര്‍ട്ട് ഓവന്‍ പുരസ്‌കാരം രമേശന്‍ പാലേരിക്കായിരുന്നു. അതടക്കം സഹകാരി എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും അദ്ദേഹത്തിനു വ്യക്തിപരമായി ഒട്ടേറെ സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേന്ദ്രകൃഷിമന്ത്രി അധ്യക്ഷനായ നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ ഓണ്‍ ലേബര്‍ കോപ്പറേറ്റീവ് അംഗം, നാഷണല്‍
ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീവ്‌സ് ഫെഡറേഷന്‍ ഡയറക്റ്റര്‍, ലേബര്‍ സൊസൈറ്റികളെപ്പറ്റി പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ അംഗം എന്നിങ്ങനെ ദേശീയ സംസ്ഥാന തലങ്ങളില്‍ ഒട്ടേറെ പദവികള്‍ അദ്ദേഹത്തെ തേടിയെത്തി.
അംഗങ്ങളായ തൊഴിലാളികളുടെ മാത്രമല്ല, ഒരു നാടിന്റെയാകെ ക്ഷേമം ഉറപ്പാക്കുന്ന യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍ രാജ്യത്തിനുതന്നെ മാതൃകയാണ്. ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ചവര്‍ക്കുമായി വികസിപ്പിച്ച പരിശീലനപരിപാടി രാജ്യത്തിനാകെയുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുടെ സംഭാവനയാണ്. ആ വിഭാഗത്തില്‍പ്പെട്ട നൂറിലേറെപ്പേര്‍ക്ക് കോഴിക്കോട്ടെ വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ തൊഴില്‍ നേടിക്കൊടുക്കാന്‍ കഴിഞ്ഞതും അതുല്യനേട്ടം. അമേരിക്കയിലും മറ്റുമുള്ള സ്‌പേസ് ക്ലബ്ബുകളോടു കിടപിടിക്കുന്ന യുഎല്‍ സ്‌പേസ് ക്ലബ്ബ് അടക്കം വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങളും അഭിമാനകരമാണ്. സ്വന്തം വൈദ്യചികിത്സാസൗകര്യത്തിനു പുറമെ വിദഗ്ദ്ധചികിത്സയ്ക്കുള്ള ടെലിമെഡിസിന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ നാദാപുരം റോഡിലും കോഴിക്കോട്ടും പ്രവര്‍ത്തിക്കുന്ന
‘മടിത്തട്ട്’ എന്ന വയോജനപരിപാലനകേന്ദ്രങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കായി കോഴിക്കോട്ട് നടത്തുന്ന യുഎല്‍ കെയര്‍ നായനാര്‍ സദനം എന്നിവയടക്കം ഒട്ടേറെ സംരംഭങ്ങളുണ്ട്.
നിര്‍മാണരംഗത്തു മികച്ച തൊഴിലും വേതനവും ഉറപ്പാക്കാന്‍ കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ & കണ്‍സ്ട്രക്ഷന്‍, കരകൗശലവിദഗ്ധര്‍ക്കു തൊഴില്‍ നല്കാന്‍ ആഗോളനിലവാരത്തില്‍ കോവളത്തുള്ള കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജ്, കോഴിക്കോട് ഇരിങ്ങലിലെ സര്‍ഗാലയ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജ് എന്നീ സര്‍ക്കാര്‍സ്ഥാപനങ്ങള്‍ നിര്‍മിച്ചു നടത്തുന്നതും കഴിയുന്നത്രപേര്‍ക്കു തൊഴിലും മികച്ച ജീവിതവും നല്‍കുന്നതും ഈ സാമൂഹികസേവകന്റെ നന്മകളുടെ ഉദാഹരണങ്ങളാണ്.
സഹകരണരംഗത്തെ രാജ്യാന്തര സംഘടനയായ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സില്‍ (ഐസിഎ) അംഗത്വം ലഭിച്ച ഏക പ്രാഥമിക സഹകരണ സംഘമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) 2013ല്‍ യുഎല്‍സിസിഎസിനെ മാതൃകാ സഹകരണ സംഘമായി തെരഞ്ഞെടുത്തു. ആഗോളമാതൃക എന്ന നിലയില്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനത്തെ ഡോക്യുമെന്റ് ചെയ്ത് ലോകമെങ്ങും പ്രദര്‍ശിപ്പിക്കുന്നതും ഈ സ്ഥാപനത്തിനുള്ള അംഗീകാരമാണ്. ഈ രൂപത്തില്‍ വളര്‍ന്ന യുഎല്‍സിസിഎസിന് ചുക്കാന്‍ പിടിച്ച രമേശന്‍ പാലേരി മനുഷ്യസ്‌നേഹത്തിന്റെ ആള്‍രൂപമായി ഏവരുടേയും മനസില്‍ എക്കാലവും നിറഞ്ഞുനില്‍ക്കും.
















