കോഴിക്കോട്: ഹോട്ടലിലെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര് ശ്വാസം മുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ഇരിങ്ങാടന്‍ പള്ളിയിലാണ് സംഭവം.
കിനാലൂര്‍ സ്വദേശി അശോകന്, കൂരാച്ചുണ്ട് സ്വദേശി റിനീഷ് എന്നിവരാണ് മരിച്ചത്. ഇരിങ്ങാടന്‍ പള്ളിയിലെ ഹോട്ടലിലെ മാലിന്യടാങ്ക് വൃത്തിയാക്കാനാണ് തൊഴിലാളികള്‍ ഇറങ്ങിയത്. ഇറങ്ങിയപ്പോള്‍ തന്നെ ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയായിരുന്നു. പത്തടി താഴ്ചയുള്ള കുഴിയില്‍ അകപ്പെട്ടവരെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് പുറത്തെത്തിച്ചു. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കലും ജീവന് രക്ഷിക്കാനായില്ല.
കുഴിയില്‍ രണ്ടടി വെള്ളം ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം കോഴിക്കോട് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.