കോഴിക്കോട്: വൈകിട്ട് ആറ് മണി വരെയാണ് വോട്ടിംഗ് സമയം. എന്നാല്‍ നിശ്ചിത സമയത്ത് വോട്ടെടുപ്പ് തീര്‍ന്നില്ലെങ്കില്‍ ആറു
മണിക്ക് ബൂത്തിലെത്തിയവര്‍ക്ക് ടോക്കണ്‍ നല്കി അവരെ കൂടി വോട്ട് ചെയ്യാന്‍ അനുവദിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. വോട്ടെടുപ്പ് കഴിഞ്ഞ് മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വോട്ടിംഗ് മെഷീന് ഉള്‍പ്പെടെയുള്ള സാധനസാമഗ്രികളുമായി നിയമസഭാ മണ്ഡലം തല സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥര്‍ തിരികെയെത്തും.
ഇവിടെ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷാ അകമ്പടിയോടെ വോട്ടെണ്ണല്‍ കേന്ദ്രമായ വെള്ളിമാടുകുന്ന് ജെഡിടിയില്‍ എത്തിച്ച് നിയമസഭാ മണ്ഡലം തലത്തില്‍ ഒരുക്കിയ സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിക്കും.
ശക്തമായ സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. കള്ളവോട്ടും ആള്‍മാറാട്ടവും തടയുന്നതിന് ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബൂത്തുകളിലെ തത്സമയ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി 26 ലാപ്ടോപ്പുകള്, 13 ടിവി സ്ക്രീനുകള്‍ എന്നിവ ഉള്‍പ്പെടെ കലക്ടറേറ്റില്‍ പ്രത്യേക കണ്ട്രോള് റൂം സജ്ജമായി. ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി 35 ഉദ്യോഗസ്ഥരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്.
കണ്ട്രോള് റൂം സന്ദര്‍ശിച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഇവിടത്തെ സജ്ജീകരണങ്ങള്‍ വിലയിരുത്തി. സുതാര്യവും നീതിപൂര്‍വകവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ എല്ലാ വിഭാഗം ആളുകളോടും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.