വടകര: ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിലേക്ക് പോവാനും വരാനുമുള്ള വഴി തടസ്സപ്പെട്ടതോടെ ജനം വലഞ്ഞു. സര്‍വ്വീസ് റോഡിനേക്കാള്‍ ടൗണ്‍ റോഡ് താഴ്ന്നതോടെ ടൗണിലേക്ക് പ്രവേശിക്കാന്‍ കഴിയാതെയായി.
നേരത്തെ ഓവുചാല്‍ നിര്‍മാണത്തിന്റെ ഭാഗമായി ദിവസങ്ങളോളം വഴി അടഞ്ഞിരുന്നു. ഇപ്പോള്‍ ദേശീയപാതയില്‍ നിന്നു കടക്കുന്ന ഭാഗത്ത് വലിയ താഴ്ചയാണ്. കച്ചവട സ്ഥാപനങ്ങള്‍, ചോമ്പാല്‍ പോലീസ് സ്റ്റേഷന്, കൃഷി ഭവന്, അഴിയൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ടൗണില്‍ നിന്ന് കോറോത്ത് റോഡ്, ഓര്‍ക്കാട്ടേരി ഭാഗം, ഓട്ടോ സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്ക് പോവാനും വരാനും ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്. ചോമ്പാല്‍ പോലീസ് സ്റ്റേഷന് മുന്നിലൂടെ ദേശീയപാതയിലേക്ക് കടക്കാനുള്ള റോഡ് മാത്രമാണ് നാട്ടുകാരുടെ ഏക ആശ്രയം. ഇക്കാര്യത്തില്‍ ജനപ്രതിനികള്‍ ഇടപെടുന്നില്ലെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്. കുഞ്ഞിപ്പള്ളി ടൗണിലേക്ക് പോവാനും വരാനുമുള്ള വഴി പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.