വാണിമേല്‍: ഭരണഘടനാപരമായ തുല്യത എന്ന അവകാശം സ്ത്രീകള്‍ക്ക് ഉറപ്പു വരുത്തുക എന്നതാണ് വനിത കമ്മീഷന്റെ ലക്ഷ്യമെന്ന് കമ്മീഷന് അധ്യക്ഷ പി.സതീദേവി. വാണിമേലിലെ പന്നിയേരി കോളനിയില്‍ സംഘടിപ്പിച്ച വനിതാ കമ്മീഷന് പട്ടികവര്‍ഗ മേഖല ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
കാല്‍നൂറ്റാണ്ട് മുമ്പുള്ള സ്ത്രീകളുടെ അവസ്ഥക്ക് മാറ്റമുണ്ടാക്കാന്‍ സാധിച്ചു. നടപ്പിലും വേഷത്തിലും വീടിനകത്ത് ഉള്‍പ്പടെ മാറ്റങ്ങള്‍ വന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്കെതിരെ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന അവസ്ഥയുണ്ട്. പട്ടികവര്‍ഗ മേഖലയിലെ പലരും ഉന്നത വിദ്യാഭ്യാസം പ്രാപ്തമാക്കാന്‍ കഴിയാതെ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതായി കമ്മീഷന് അധ്യക്ഷ പറഞ്ഞു. എസ്എസ്എല്‍സി കഴിഞ്ഞാല്‍ പഠനം നിര്‍ത്തുന്ന സാഹചര്യമുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗ്രോത്ര വിഭാഗങ്ങള്‍ക്ക് പഠിക്കാന്‍ ആവശ്യമായ സൗകര്യം സംബന്ധിച്ചും തുടര്‍ പഠനത്തിന്റെ ആവശ്യകത സംബന്ധിച്ചും രക്ഷിതാക്കള്‍ക്കായി ബോധവത്ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ആദിവാസി – ഗോത്ര മേഖലകളില്‍ ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും അവര്‍ പറഞ്ഞു.
വാണിമേല്‍ പഞ്ചായത്തിലെ ഗോത്രമേഖലാ നിവാസികളുടെ ഇടയില്‍ മദ്യപാനശീലവും പുകയില ഉപയോഗവും കുറയ്ക്കാനുള്ള ബോധവല്‍ക്കരണം അനിവാര്യമാണ്. വനിതാ കമ്മീഷന് അധ്യക്ഷയുടെ നേതൃത്വത്തില്‍ വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ വാളാംതോട്, അടുപ്പില്‍, മാടാഞ്ചേരി, പന്നിയേരി പട്ടികവര്‍ഗ കോളനികളില്‍ ഗൃഹസന്ദര്‍ശനം നടത്തി. കിടപ്പു രോഗികളായ സ്ത്രീകളുടെ വീടുകളും സന്ദര്‍ശിച്ച കമ്മീഷന് അധ്യക്ഷ അവര്‍ക്ക് ലഭ്യമാകേണ്ട ആരോഗ്യപരിചരണത്തിന്റെയും പാലിയേറ്റീവ് സംവിധാനത്തിന്റെയും പ്രയോജനം വീടുകളില്‍ എത്തുന്നുണ്ടോ എന്ന് നേരിട്ടു ചോദിച്ചറിഞ്ഞു.
പൊതുസമൂഹത്തില്‍ ഉണ്ടായ വികസനം പട്ടിക വര്‍ഗ ഊരുകളിലും എത്തിയിട്ടുള്ളതായി വനിതാ കമ്മീഷന് വിലയിരുത്തി. പല വകുപ്പുകളും ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഏകോപനം സാധ്യമായി കഴിഞ്ഞാല്‍ വാണിമേല്‍ പഞ്ചായത്തിലെ ഗോത്ര മേഖലയിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. ഇതിന് ആവശ്യമായ ശിപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു.
വാണിമേല്‍ പഞ്ചായത്തില്‍ മാത്രം 10 ഗോത്രവര്‍ഗ കോളനികളുണ്ട്. 263 ഗോത്രവര്‍ഗ കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. ഈ മേഖലയിലെ ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
കമ്മീഷന് അംഗങ്ങള്‍, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരും ഗൃഹസന്ദര്‍ശനത്തില്‍ പങ്കുചേര്‍ന്നു.
പന്നിയേരി കോളനിയില്‍ ചേര്‍ന്ന ഏകോപനയോഗം പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളനുഭവിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. കുടുംബാരോഗ്യ കേന്ദ്രത്തില്‍ മതിയായ നിയമനം നടക്കാത്തത് പന്നിയേരി ഉള്‍പ്പെടെയുള്ള പട്ടികവര്‍ഗ്ഗ കോളനി നിവാസികള്‍ക്ക് ലഭ്യമാകേണ്ട ആരോഗ്യപരമായ സേവനങ്ങള്‍ക്ക് കുറവ് നേരിടുന്നതായി കമ്മീഷനു ബോധ്യപ്പെട്ടതിനാല്‍ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കമ്മീഷന് റിസര്‍ച്ച് ഓഫീസര്‍ എ ആര് അര്‍ച്ചന അറിയിച്ചു.
പട്ടികവര്‍ഗ്ഗ മേഖലയില്‍ വിവിധ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതാത് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. യോഗത്തില്‍ വനിതാ കമ്മീഷന് അംഗം ഗഇന്ദിരാ രവീന്ദ്രന് അധ്യക്ഷത വഹിച്ചു.
കമ്മീഷന് അംഗം പി കുഞ്ഞായിഷ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ എന്നിവര്‍ സംസാരിച്ചു. കമ്മീഷന് അംഗം വി ആര് മഹിളാമണി സ്വാഗതവും ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജാന്‍സി നന്ദിയും പറഞ്ഞു.
പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി നാളെ (വ്യാഴം) രാവിലെ 10ന് വിലങ്ങാട് സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ സെമിനാര്‍ നടക്കും.