വടകര: ഒരു പതിറ്റാണ്ടിലേറെയായി ഹയര്‍സെക്കന്ററി തലത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കൂട്ടത്തില്‍ സംസ്ഥാനതലത്തില്‍ തന്നെ മികച്ച പഠനമികവുമായി വടകരയിലെ പുത്തൂര്‍ ജിഎച്ച്എസ്എസ് മുന്നേറുന്നു. ഇത്തവണയും കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ്സുകള്‍ കരസ്ഥമാക്കിയത് ഈ വിദ്യാലയമാണ്. 78 പേര് എല്ലാവിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയാണ് പുത്തൂര്‍ സ്കൂളിന്റെ അഭിമാന നേട്ടം. സംസ്ഥാന തലത്തില്‍ പതിനൊന്നാം സ്ഥാനമാണിത്.
ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിജയത്തിന്റെ കാര്യത്തില്‍ 94 ശതമാനത്തോടെ രണ്ടാംസ്ഥാനവും പുത്തൂര്‍ സ്കൂളിനാണ്.
എസ്എസ്എല്‍സി പരീക്ഷയില്‍ 11 വര്‍ഷമായി നൂറുമേനി നിലനിര്‍ത്തുന്ന പുത്തൂര്‍ സ്കൂളില്‍ ഇത്തവണ 30 കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ് നേടാന്‍ കഴിഞ്ഞു.
ഈ വിജയാവേശം നവമാധ്യമങ്ങളില്‍ പങ്കിട്ട് ആഘോഷിക്കുകയാണ് വിദ്യാര്‍ഥികള്‍. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തില്‍ ഏറെ പരിമിതികള്‍ അനുഭവിച്ചുകൊണ്ടാണ് പുത്തൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ പഠനരംഗത്തും പാഠ്യേതര രംഗത്തും മികച്ച വിജയങ്ങള്‍ നേടുന്നത് എന്നതും ശ്രദ്ധേയമാണ്. കിഫ്ബി പദ്ധതിയുടെ ഭാഗമായ കെട്ടിടം പണി പൂര്‍ത്തിയാവുന്നതോടെ ഭൗതിക സാഹചര്യങ്ങളുടെ മികവില്‍ രാജ്യാന്തര നിലവാരത്തിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രക്ഷാകര്‍ത്താക്കളും നാട്ടുകാരും അധ്യാപകരും.