തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴിനു തന്നെ വോട്ടര്‍മാരുടെ നീണ്ടനിര പല ബൂത്തുകളിലും കാണപ്പെട്ടു. നേരത്തേ തന്നെ മോക് പോളിംഗ് നടന്നിരുന്നു. ഇതിനു തുടര്‍ച്ചയായാണ് ഏഴ് മണിക്ക് വോട്ടെടുപ്പ് തുടങ്ങിയത്. മിക്കയിടങ്ങളിലെ സ്ഥാനാര്‍ഥികളും നേതാക്കളും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്.
വൈകിട്ട് ആറ് വരെ നീളുന്ന പോളിംഗില്‍ സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 2.77 കോടി വോട്ടര്‍മാരും. സംസ്ഥാനത്താകെ 1,800 പ്രശ്ന സാധ്യത ബൂത്തുകളാണുള്ളത്. 60,000ലേറെ പോലീസുകാരെയും 62 കമ്പനി കേന്ദ്രസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഏഴ് ജില്ലകളില്‍ പൂര്‍ണ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.