കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നേരത്തെ കേസില്‍ കസ്റ്റഡിയില്‍ എടുത്ത സായൂജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച സായൂജിനെ പാലക്കാട് വെച്ചാണ് പിടികൂടിയത്. ഇതോടെ കേസില്‍ നാല് പേര് അറസ്റ്റിലായി. സ്ഫോടനം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ചെണ്ടയാട് സ്വദേശി കെ കെ അരുണ്‍, കുന്നോത്തുപറമ്പ് സ്വദേശി കെ അതുല്‍, ചെറുപറമ്പ് സ്വദേശി ഷിബിന്‍ ലാല്‍ എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. ബോംബ് നിര്‍മാണ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചിരുന്നു.
പാനൂര്‍ ബോംബ് സ്ഫോടനത്തിന് പിന്നാലെ പോലീസ് പരിശോധന വ്യാപകമാക്കിയിരിക്കുകയാണ്. ബോംബ് നിര്‍മാണ കേന്ദ്രങ്ങളില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കാനും പോലീസ് നിര്‍ദേശം നല്കി. ജില്ലാ പോലീസ് മേധാവിമാര്‍ക്ക് എഡിജിപി എം.ആര്.അജിത് കുമാറാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. മുമ്പ് ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസുകളില്‍പ്പെട്ടവരെ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. ബോംബ് നിര്‍മിക്കാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന നടത്താനുള്ള നീക്കത്തിലാണ് പൊലീസ്.
പാനൂരില്‍ കഴിഞ്ഞ ദിവസം ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കൂടുതല്‍ ബോംബുകള്‍ പിടികൂടിയിരുന്നു. പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കഴിഞ്ഞ ദിവസം സ്ഫോടനം നടന്ന വീട്ടുപരിസരത്തു നിന്ന ഏഴ് ബോംബുകള്‍ കൂടി കണ്ടെടുത്തത്.
സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കൂത്തുപറമ്പ് എസിപി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രാത്രി ഒരു മണിക്കായിരുന്നു സ്ഫോടനം. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.