തിരുവനന്തപുരം: ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019നേക്കാള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആവേശമുണ്ടെന്നും കേരളത്തില്‍ എന്‍ഡിഎയുടെ സീറ്റുകള്‍ രണ്ടക്കം കടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും മോദി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
തിരുവനന്തപുരത്ത് വരുന്നത് സന്തോഷമുള്ള കാര്യമാണെന്ന് മോദി പറഞ്ഞു. ഏറ്റവും സ്നേഹമുള്ള ആളുകളുള്ള നഗരമാണിത്. കേരളത്തിലെ ജനങ്ങള്‍ എക്കാലത്തും എന്നെ സ്നേഹിച്ചിട്ടുണ്ട്. ആ സ്നേഹം തിരിച്ചുനല്‍കാന്‍ കൂടുതല്‍ പരിശ്രമിക്കും. ഇത്തവണ മലയാളികള്‍ക്ക് കൂടുതല്‍ ആവേശം കാണുന്നുവെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ നാനൂറിലധികം സീറ്റുകള്‍ എന്നതാണ് എന്‍ഡിഎയുടെ മുദ്രാവാക്യമെന്നും മോദി പറഞ്ഞു. കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും കേന്ദ്രം വിവേചനം കാണിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങല്‍ക്കുള്ള പരിഗണന കേരളത്തിനും നല്‍കിയെന്നും മോദി പറഞ്ഞു.
ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റുമെന്നും അതാണ് മോദിയുടെ ഗ്യാരണ്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ യുവാക്കള്‍ക്ക് മികച്ച ഉന്നത വിദ്യാഭ്യാസം ഉറപ്പിക്കും. കേരളത്തിലെ യുവാക്കള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ നല്‍കും. ഇതാണ് മോദിയുടെ ഗ്യാരണ്ടി. സംസ്ഥാന സര്‍ക്കാര്‍ നിസ്സഹരിച്ചിട്ടും വികസനത്തില്‍ കേന്ദ്രം പരിഗണന നല്കി. പ്രതിപക്ഷം തോല്‍വി ഉറപ്പിച്ചു കഴിഞ്ഞു. മോദിയെ അസഭ്യം പറയല്‍ ആണ് പ്രതിപക്ഷം ചെയ്യുന്നത്. കേരളം ഇത്തവണ എന്‍ഡിഎയെ തുണക്കും. കേരളത്തിന്റെ പ്രതീക്ഷകള്‍ സഫലമാക്കുമെന്ന് ഉറപ്പ് നല്കുന്നു-മോദി പറഞ്ഞു