കൊയിലാണ്ടി: ഭക്തിയുടെ നിറകുടമായ കൊല്ലം പിഷാരികാവിലെ കാളിയാട്ടമഹോത്സവത്തിന്റെ ഏഴാം നാളായ ഇന്ന് (വ്യാഴം) വലിയ വിളക്ക്. സ്വര്‍ണനെറ്റിപ്പട്ടം കെട്ടിയ പിടിയാന പുറത്ത് ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിയാന്‍ കാവിലമ്മ ഇന്ന് പുറത്തെഴുന്നള്ളും. ക്ഷേത്രസന്നിധി ഭക്തിസാന്ദ്രമാകുന്ന ഇന്നത്തെ ഉത്സവ കാഴ്ച വേറിട്ടതാവും. രാവിലെ മന്ദമംഗലത്തു നിന്നുള്ള ഇളനീര് കുലവരവ്, പ്രസിദ്ധമായ വസൂരിമാല വരവ് എന്നിവ ക്ഷേത്രസന്നിധിയില്‍ എത്തുന്നതോടെ ഭക്തജന സഹസ്രത്തിന് ക്ഷേത്രം സാക്ഷിയാകും. വൈകീട്ട് മൂന്നു മുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇളനീര് കുലവരവുകള്, തണ്ടാന്റ അരങ്ങോല വരവ്, കൊല്ലത്ത് അരയറെ വെള്ളിക്കുട വരവ്, കൊല്ലാന്റെ തിരുവായുധം വരവ്, മറ്റ് അവകാശവരവുകള്‍ എന്നിവ ഓരോന്നായി ക്ഷേത്രത്തിലെത്തിച്ചേരും. ഭക്തിയും മേളവും സമ്മേളിക്കുന്ന കാഴ്ചശീവേലിയും ഉണ്ട്. രാത്രി 11 മണിക്കു ശേഷം സ്വര്‍ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാന പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിക്കും.
പ്രശസ്തരായ കലാമണ്ഡലം ശിവദാസ് മാരാര്‍, മട്ടന്നൂര്‍ ശ്രീകാന്ത് മാരാര്‍, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, സദനം രാജേഷ് മാരാര്‍, ചിറക്കല്‍ നിധീഷ്, കല്ലൂര്‍ ജയന്, കല്ലൂര്‍ ശബരി, സദനം സുരേഷ്, പനമണ്ണ മനോഹരന്, വരവൂര്‍ വേണു, കടമേരി ഉണ്ണികൃഷ്ണന്, മട്ടന്നൂര്‍ അജിത്ത് മാരാര്‍, കലാമണ്ഡലം സനൂപ, രായമംഗലം രാജീവ്, പള്ളിപ്പുറം വൈശാഖ്, കാഞ്ഞിലശ്ശേരി അരവിന്ദന്, മുചുകുന്ന് ശശിമാരാര്‍, സരുണ്മാധവ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ രണ്ടു പന്തി മേളത്തോടെ പുറത്തെഴുന്നള്ളിച്ച് ക്ഷേത്ര പ്രദിക്ഷണം കഴിഞ്ഞ് പുലര്‍ച്ചെ ഭക്തിനിര്‍ഭരമായി വാളകം കൂടും. ഒന്നാം പന്തിമേളത്തിന് കലാമണ്ഡലം ശിവദാസന്‍മാരാരും രണ്ടാം പന്തിമേളത്തിനു മട്ടന്നൂര്‍ ശ്രീകാന്ത് മാരാരും പ്രമാണിമാരാവും.
-സുധീര്‍ കൊരയങ്ങാട്