അഴിയൂര്‍: പ്ലസ് വണിന് കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അധിക ബാച്ചുകള്‍ക്ക് പകരം സീറ്റ് വര്‍ധിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമാണ്. ഒരു ക്ലാസ് മുറിയില്‍ 40 കുട്ടികളില്‍ കൂടുതല്‍ പാടില്ല എന്ന കാര്ത്തികേയന് കമ്മീഷന് ശുപാര്‍ശക്ക് വിരുദ്ധമായി 60ഉം 65ഉം കുട്ടികള്‍ തിങ്ങി നിറഞ്ഞ് പ്രയാസപ്പെട്ട് ഇരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഈ രീതി തുടരുന്നത് കുട്ടികളുടെ പഠന നിലവാരത്തേയും ബാധിക്കുന്നുണ്ട്. ആയതിനാല്‍ എസ്എസ്എല്‍സി റിസല്‍ട്ടിന് ശേഷം മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ഹയര്‍ സെക്കന്ററി പഠന പ്രതിസന്ധിക്ക് പരിഹാരം സീറ്റ് വര്‍ധനക്ക് പകരം അധിക ബാച്ചുകള്‍ മാത്രമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
അഴിയൂര്‍ പഞ്ചായത്ത് പരിധിയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ വെല്‍ഫെയര്‍ പാര്‍ട്ടി അനുമോദിച്ചു. കുഞ്ഞിപ്പള്ളി ആത്മവിദ്യാ മന്ദിരത്തില്‍ അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി പാര്‍ട്ടി ജില്ലാകമ്മിറ്റി അംഗം അടിക്കൂല് മൂസ ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലം പ്രസിഡന്റ് ഷുഹൈബ് കൈതാല്‍, അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹംസ.എസ്.പി, വൈസ് പ്രസിഡന്റ് ഹംസ.പി.പി, ട്രഷറര്‍ സി.കെ.അബ്ദുല്‍ ജലീല്‍, കുഞ്ഞിപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ഫഹദ്.വി.സി എന്നിവര്‍ സംസാരിച്ചു.