നാദാപുരം: നാദാപുരത്ത് വര്‍ഷം തോറും സംഘടിപ്പിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുര്‍ഹ്മാന്‍ സഖാഫിയുടെ ഇരുപത്തിരണ്ടാം സപ്തദിന പ്രഭാഷണം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര് ഇന്ന് (വെള്ളി) രാത്രി നാദാപുരത്ത് ഉദ്ഘാടനം ചെയ്യും.
രണ്ട് ദശാബ്ദത്തിലധികമായി നാദാപുരത്തിന്റെ ആത്മീയോല്സവമായി മാറിക്കഴിഞ്ഞ സപ്തദിന പ്രഭാഷണത്തില്‍ ലഹരിയുടെ ഉപയോഗം, വിവിധ രംഗങ്ങളില്‍ നടമാടുന്ന അനാശാസ്യ പ്രവണതകള്‍ തുടങ്ങി സാമൂഹൃ തിന്മകള്‍ക്കെതിരെയും അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ബോധവല്കരണമാണ് പ്രധാന ലക്ഷ്യം. വ്യക്തികളും സമൂഹങ്ങളും സഹകരണത്തോടെ ജീവിക്കാനുള്ള ഉദ്ബോധനങ്ങളും പ്രഭാഷണത്തിലൂടെ ലക്ഷ്യം വെക്കുന്നു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും പ്രതീക്ഷയോടെ കാണുന്ന പ്രോഗ്രാമില്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. പുന്നോറത്ത് അഹ്മദ് ഹാജി, കുന്നത്ത് ഹുസൈന്, ഇസ്മാഈല്‍ സഖാഫി, നാസര്‍ പേരോട്, അബ്ദുല്ല കായക്കൊടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.