കുറ്റ്യാടി: ആര്‍ദ്രം മിഷനിലൂടെ ആരോഗ്യ രംഗത്ത് നിരവധി മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ചുള്ള ധാരണകള്‍ മാറിയതായും ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉള്‍പ്പടെ ഏര്‍പ്പെടുത്താന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. ദേശീയ ആരോഗ്യ സൂചികയില്‍ കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ഏറെ മുന്നിലാണെന്നും ഈ അടുത്ത് പ്രഖ്യാപിച്ച ആയുഷ് പട്ടികയില്‍ കേരളത്തിലെ 150 ഓളം ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടതായും മന്ത്രി പറഞ്ഞു.
കെ പി കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇ കെ വിജയന് എംഎല്‍എ, മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി സുരേന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ ടി നഫീസ, കെ സിജിത്ത്, ഒ പി ഷിജില്‍, വി കെ റീത്ത, നയീമ കുളമുള്ളതില്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ലീബ സുനില്‍, എന്‍ കെ ലീല, എം പി കുഞ്ഞിരാമന്,
മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുല്ല, ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ് ഡോ. കെ ജെ റീന, ഡി.പി.എം ഡോ. സി കെ ഷാജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന് സ്വാഗതവും കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. ടി സി അനുരാധ നന്ദിയും പറഞ്ഞു.