തിരുവനന്തപുരം: കെ.കരുണാകരന്റെ മകൾ പത്മജവേണുഗോപാലിന്റെ ബിജെപി പ്രവേശനത്തോടെ കോൺഗ്രസിന്റെ പതനം തുടങ്ങിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മോദിയുടെ ഭരണത്തിൽ ആകൃഷ്ടരായി പലരും ബി.ജെ.പിയിലെത്തുന്നുണ്ട്. നേരത്തെ എ.കെ.ആന്റണിയുടെ മകൻ വന്നു. ഇപ്പോൾ കേരളത്തിന്റെ ലീഡർ കരുണാകരന്റെ മകൾ തന്നെ പാർട്ടിയിലെത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും വർഗീയ കക്ഷികളുമായി ചേർന്നുള്ള പ്രവർത്തനത്തേയും എതിർക്കാൻ ഇവിടെ ബിജെപി മാത്രമേയുള്ളുവെന്ന സ്ഥിതി വരാൻ പോവുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുമ്പ് സിപിഎമ്മിലേക്ക് പോയവരാണ് പത്മജയുടെ ബിജെപി പ്രവേശനത്തെ വിമർശിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇ.ഡിയെ പേടിച്ചാണ് പത്മജ ബിജെപിയിൽ പോകുന്നതെന്ന് വിമർശിച്ചയാൾ മുമ്പ് ബിജെപിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു