വടകര: തനിക്ക് മതത്തിന്റെ പ്ലസ് വേണ്ടെന്നും കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരില്‍ വന്ന പോസ്റ്റ് വ്യാജമാണെന്നും വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ വ്യക്തമാക്കി. വ്യാജമായി സൃഷ്ടിച്ച സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ് എനിക്കെതിരെ പ്രചാരവേല ആരംഭിച്ചത്. എതിര്‍സ്ഥാനാര്‍ഥിയുടെ പല കമന്റുകളും തരംതാഴ്ന്നതാണെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. വ്യാജമായി സൃഷ്ടിച്ച മെസേജാണെന്ന് കൃത്യമായി മാധ്യമങ്ങള്‍ക്ക് മുന്‍പാകെ ബോധ്യപ്പെടുത്തിയിട്ടും ചോദിക്കുകയാണ് ഞാന്‍ കാഫിര്‍ എന്ന് വിളിച്ചതിനെ എന്തുകൊണ്ട് തള്ളിപ്പറയുന്നില്ലെന്ന്.
വ്യാജമായ ഒന്നിന് ഞാനെന്തിന് മറുപടി പറയണം. എതിര്‍സ്ഥാനാര്‍ഥിയുടെ ഇത്തരം പ്രസ്താവനകള്‍ ബോധപൂര്‍വമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, ഈ പോസ്റ്റിട്ടവരില്‍ പലരും കാര്യം ബോധ്യപ്പെട്ടപ്പോള്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍, അപ്പോഴും എതിര്‍സ്ഥാനാര്‍ഥി ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
വടകരയില്‍ പോളിങ് നടത്തിപ്പില്‍ വീഴ്ചയുണ്ടായതായി ഷാഫി ആരോപിച്ചു. ഈ വിഷയത്തില്‍ ഇലക്ഷന് കമ്മിഷന് പരാതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. യുഡിഎഫിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിച്ചെന്നു ഷാഫി കുറ്റപ്പെടുത്തി.
സ്ഥാനാര്‍ഥിയായി വടകരയിലെത്തിയത് നല്ല അനുഭവമായെന്നും ജനങ്ങള്‍ അത്രയേറെ വാത്സ്യല്യവും പിന്തുണയും പകര്‍ന്ന് നല്‍കിയതായും ഷാഫി പറഞ്ഞു.