കണ്ണൂര്‍: കണ്ണപുരം ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രിയാണ് അപകടം. കാറോടിച്ച കാസര്‍കോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍ പത്മകുമാര്‍ (59), യാത്രക്കാരായ കാസര്‍കോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരന് (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂര്‍ കൊഴുമ്മല്‍ കൃഷ്ണന് (65), അജിതയുടെ സഹോദരന് അജിത്തിന്റെ മകന് ആകാശ് (9) എന്നിവരാണ് മരിച്ചത്. കാസര്‍കോട് ഭീമനടിയിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാറും എതിരെ വന്ന ലോറിയുമാണ്
കൂട്ടിയിടിച്ചത്. പിന്നിലുണ്ടായിരുന്ന മറ്റൊരു ലോറി കാറില്‍ ഇടിച്ചു. നിയന്ത്രണംവിട്ട് കാര്‍ എതിരെ വരികയായിരുന്ന ഗ്യാസ് സിലിണ്ടര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. വാതിലുകള്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
മകന് സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തില്‍ സിഎക്ക് ചേര്‍ത്ത് ഹോസ്റ്റലിലാക്കി വരികയായിരുന്നു സുധാകരനും കുടുംബവും. പുരുഷന്മാരും സ്ത്രീയും സംഭവസ്ഥലത്തുതന്നെ മരിച്ചു. കുട്ടി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരിച്ചത്. അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു.