കണ്ണൂർ: കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് പാളം തെറ്റി. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഷണ്ടിങ്ങിനിടെയാണ് സംഭവം. അവസാനത്തെ രണ്ടു കോച്ചുകളാണ് പാളം തെറ്റിയത്. യാത്രക്കാർ കയറുന്നതിനു മുമ്പ് ആയതിനാൽ വലിയ അപകടം ഒഴിവായി.
രാവിലെ 5.10 ന് പുറപ്പെടുന്ന 16308 നമ്പര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് കണ്ണൂര്‍ പാറക്കണ്ടി ഭാഗത്താണ് ഷണ്ടിങ്ങിനിടെ പാളം തെറ്റിയത്. ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം. 4.40ഓടെയാണ് അവസാനത്തെ രണ്ട് ബോഗികൾ പാളം തെറ്റിയത്. ശേഷം മറ്റ് ഭാഗങ്ങളെല്ലാം ട്രാക്കിൽ എത്തിച്ച് ഒന്നര മണിക്കൂർ വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്. പ്രധാന ലൈനിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.