വടകര: കോഴിക്കോട് ജില്ലയിലെ തന്നെ ഏക മുച്ചിലോട്ട് കാവായ ചോറോട് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിനു ഭക്തജനപ്രവാഹം. മാര്‍ച്ച് നാലിന് തുടങ്ങിയ ഉത്സവം ഏഴ് വരെ തുടരും. ചടങ്ങുകളില്‍ ഭക്തരുടെ നിറസാന്നിധ്യമാണ് അനുഭവപ്പെടുന്നത്.
നാലിനു വൈകുന്നേരം അഞ്ചു മണിക്ക് മാങ്ങോട്ട്പാറ, മുയിപ്ര പടിഞ്ഞാറ്, മണിയാറത്ത് മുക്ക് എന്നിവിടങ്ങളില്‍ നിന്നു നൂറ് കണക്കിന് ഭക്തര്‍ അന്നദാനത്തിനായുള്ള സാധനങ്ങളുമായി കലവറ നിറക്കല്‍ ഘോഷയാത്രകള്‍ ക്ഷേത്ര തിരുമുമ്പിലെത്തിയതു മുതല്‍ നിലക്കാത്ത പരിപാടികളാണ്. അന്ന് രാത്രി എട്ടിനായിരുന്നു കൊടിയേറ്റം. നരമ്പില്‍ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്കാളി തിറകള്‍ എന്നിവ നടന്നു. എല്ലാ ദിവസവും ഉച്ചക്ക് രാത്രിയും അനദാനവും നടക്കുന്നു. ഇളനീര് വരവും കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന പുലിയൂര് കണ്ണന് വെള്ളാട്ടവും നടന്നു. കലാപരിപാടികള്‍ രണ്ട് ദിവസവും രാത്രികളില്‍ ഉണ്ടായി. നാഗഭഗവതി തിറ, കല്യാണ പന്തല്‍ വരവ് എന്നിവയും നടന്നു. ആഘോഷത്തിന്റെ ഭാഗമായി അറുപതില്‍ പരം കിടപ്പുരോഗികള്‍ക്ക് ഭക്ഷണ കിറ്റ് വീടുകളില്‍ എത്തിച്ചു നല്കി.
മാര്‍ച്ച് ഏഴിന് കളിയാട്ടം സമാപിക്കും. രാവിലെ കുളിച്ചെഴുന്നള്ളത്ത് നൃത്തം, കൊടിയില കൊടുക്കല്‍,. കണ്ണങ്ങാട്ട് ഭഗവതി തിറ, പുലിയൂര് കാളി തിറ, കനലാട്ടം, ഉച്ചക്ക് അന്നദാനം 12.30 ന് തിരുമുടി നിവരല്‍, രാത്രി 10 മണിക്ക് തിരുമുടി ആറാടിക്കല്‍ എന്നിവയോടെ കളിയാട്ട മഹോത്സവം സമാപിക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നടക്കം ഭക്തരുടെ പ്രവാഹമാണ് ഇവിടേക്ക്.