വടകര: ആര്‍എംപിഐ-യുഡിഎഫ് കൂട്ടുകെട്ട് തുടര്‍ന്നുവരുന്ന വര്‍ഗീയ പ്രചാരണവും സ്ത്രീത്വത്തെ അധിക്ഷേപിക്കലും അവസാനിപ്പിക്കണമെന്ന് സിപിഎം വടകര ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഏത് ഹീനമാര്‍ഗവും ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ നാലു വോട്ട് നേടുക എന്ന യുഡിഎഫിന്റെ കപട രാഷ്ട്രീയമായിരുന്നു ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണം. നാളിതുവരെ നിലനിന്ന വടകരയിലെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തെ മലീമസമാക്കുന്നതും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച് മതപരമായി വടകരക്കാരെ ഭിന്നിപ്പിച്ച് വോട്ടുനേടാനാകുമോ എന്ന ശ്രമമായിരുന്നു അവര്‍ നടത്തിയത്. യുഡിഎഫിന്റെ ഈ മലിന രാഷ്ട്രീയ പ്രവര്‍ത്തനം ആര്‍എംപിഐ നേതാവ് കെ.കെ.രമയുടെ നേതൃത്വത്തിലാണ് നടന്നത്. എല്ലാ ദുഷ്പ്രചാരണങ്ങളും പിടിക്കപ്പെടുകയും വടകരയിലെ സാമൂഹ്യമനസ്സ് ഒന്നാകെ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തപ്പോള്‍
തെരഞ്ഞെടുപ്പ് കഴിഞ്ഞ് കുമ്പസാരത്തിന് മുതിരുകയും ചെയ്ത തെറ്റുകള്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാനായി മതനിരപേക്ഷതയുടെ അപ്പോസ്തലന്മാരാകാനുള്ള ശ്രമത്തിലുമാണിപ്പോള് ഈ കുട്ടുകെട്ട്.
ഈ കപടമുഖം ഒളിപ്പിച്ചുവക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും കെ.കെ.രമയുടെയും നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ പ്രഹസനമായിരുന്നു ശനിയാഴ്ച വടകരയില്‍ നടന്നത്. ഈ പ്രഹസന സമ്മേളനത്തില്‍ അവര്‍ നേരത്തെ തുടര്‍ന്നുവന്ന വര്‍ഗീയ പ്രചരണവും സ്ത്രീ വിദ്വേഷവും വമിക്കുന്ന പ്രസംഗങ്ങളാണ് ആര്‍എംപിഐയുടെ കേന്ദ്ര നേതൃത്വം തന്നെ നടത്തിയത്.
ലോകം ആദരിക്കുന്ന കെ.കെ.ശൈലജക്കും സിനിമാ ലോകത്തിലെ സൂപ്പര്‍താരമായ മഞ്ജുവാര്യര്‍ക്കും നേരെ അശ്ലീലം പറയാനാണ് അവര്‍ ഈ വേദി ഉപയോഗിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം പൊതു സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് വന്നപ്പോള്‍ ഖേദപ്രകടനം നടത്തിയതോടെ പ്രശ്നത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്നാണ് എന്തിനും ഏതിനും പ്രതികരണം നടത്തുന്ന കെ.കെ.രമ പറയുന്നത്.
പ്രസക്തി നഷ്ടപ്പെട്ടു എന്ന പ്രസ്താവന ഇറക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കാപട്യത്തിന്റെയും വഞ്ചനയുടെയും കപടമുഖമാണ് വെളിവാക്കപ്പെടുന്നത്. വടകര കോട്ടപ്പറമ്പിലെ യുഡിഎഫ് പൊതുയോഗത്തില്‍ ഉയര്‍ന്നുകേട്ടത് തികച്ചും സ്ത്രീവിരുദ്ധവും സാമൂഹികവിരുദ്ധവും പൊതുസമൂഹം നേടിയെടുത്ത എല്ലാ സാംസ്കാരിക മൂല്യങ്ങളെയും അപമാനിക്കുന്നതാണ്. ഇത്തരം ജനവിരുദ്ധ ശക്തികള്‍ക്കെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.