വടകര: വീറും വാശിയും ഏറെയുള്ള വടകര ആവേശം നിറഞ്ഞ കലാശക്കൊട്ടിനു സാക്ഷിയായി. തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചരണത്തിന് പരിസമാപ്തി. ബുധനാഴ്ച വൈകീട്ടോടെ നഗരം മുന്നണികളുടെ നിയന്ത്രണത്തിലായി. ലിങ്ക് റോഡ് ജംഗ്ഷന് മുതല്‍ പഴയ സ്റ്റാന്‍ഡ് വരെ ഇടതു മുന്നണി പ്രവര്‍ത്തകരും പഴയ സ്റ്റാന്‍ഡ് മുതല്‍ അഞ്ചു വിളക്ക് ജംഗ്ഷന് വരെ യുഡിഎഫ് പ്രവര്‍ത്തകരും കൈയ്യടക്കി. എന്‍ഡിഎ യുടെ പ്രചരണം എടോടി ജംഗ്ഷനിലായിരുന്നു.
പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍വശം ഇരു മുന്നണികളും നിലയുറപ്പിച്ചതോടെ ഏറെനേരം ഏറ്റുമുട്ടലിന്റെ ഘട്ടം എത്തിയപ്പോള്‍ പോലീസ് ഇടപെട്ട് ബാരിക്കേഡ് തീര്‍ത്തും വടം കെട്ടിയും രണ്ടു മുന്നണി പ്രവര്‍ത്തകരേയും തമ്മില്‍ ഏറ്റുമുട്ടാന്‍ കഴിയാത്ത രീതിയില്‍ വേര്‍തിരിച്ചു. കലാശക്കൊട്ട് കാണാന്‍ നഗരത്തില്‍ വന്‍ ജനാവലി ഒഴുകിയെത്തിയിരുന്നു. പോലീസിന്റെ അഭ്യര്‍ഥന മണിക്ക് 5.15 ഓടെ പ്രചരണം അവസാനിപ്പിച്ചു. ഡിവൈഎസ്പി കെ.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സിഐ ടി.പി.സുമേഷ്, എസ്ഐമാരായ കെ മുരളീധരന്, ധന്യാ കൃഷ്ണന്, മോഹന്‍ദാസ് എന്നിവരും കേന്ദ്ര സേനയിലെ 50 ഓളം അംഗങ്ങളും മറ്റു പോലീസ് ഉദ്യോഗസ്ഥരും വന്‍ പട തീര്‍ത്ത് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.