
വടകര: മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വില്യാപ്പള്ളി എംജെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആവിഷ്കരിച്ച ‘വിംഗ്സ്’ വിദ്യാഭ്യാസ
മുന്നേറ്റ പദ്ധതിയുടെയും സംസ്ഥാനത്ത് ആദ്യമായി ഹൈസ്കൂള്‍ തലത്തില്‍ അനുവദിച്ച രണ്ടാം സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റിന്റെയും ഉദ്ഘാടനം വെള്ളിയാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദീന്‍ നിര്‍വഹിക്കും. പരിപാടിയുടെ ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
‘എം.ജെ പ്രഭാമയം-2026’ എന്ന പേരില്‍ വെള്ളിയാഴ്ച രണ്ടിന് സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള അധ്യക്ഷത വഹിക്കും. സിവില്‍ സര്‍വീസ്, നീറ്റ്, ജെഇഇ തുടങ്ങിയ ദേശീയതല മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘വിംഗ്സ്’ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എട്ടാം ക്ലാസിലെ മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന 40 വിദ്യാര്‍ഥികളെ
തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്കുന്ന പദ്ധതിയാണിത്. ഇതിനായി ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ സമര്‍പ്പണവും ചടങ്ങില്‍ നടക്കും. വിഎംജെ ഖത്തര്‍ ചാപ്റ്ററിന്റെ ‘അലിഫ്’ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിംഗ്സിന് ആവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയില്‍ രണ്ടാമത്തെ യൂണിറ്റ് (അഡീഷണല്‍ ബാച്ച്) ലഭിക്കുന്ന കേരളത്തിലെ ആദ്യ ഹൈസ്കൂള്‍ വിദ്യാലയമെന്ന നേട്ടവും ഇതോടെ എംജെവിഎച്ച്എസ്എസിന് സ്വന്തമാകും. പുതിയ എസ്പിസി ബാച്ചിന്റെ ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിക്കും.
2025-26 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ‘പ്രതിഭാ സംഗമ’ത്തില്‍ അനുമോദിക്കും. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ വിഎംജെ
ഖത്തര്‍ ചാപ്റ്ററും ഒമ്പത് എ പ്ലസ് നേടിയവരെ വിഎംജെ ദുബായ് കമ്മിറ്റിയും ഉപഹാരങ്ങള്‍ നല്കി അനുമോദിക്കും. സ്കൂളിലെ പുതിയ സ്കൗട്ട് യൂണിറ്റിന്റെ പ്രഖ്യാപനം വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രഭാകരന് നിര്‍വഹിക്കും. ജില്ലാ പോലീസ് മേധാവി മെറിന് ജോസഫ്, വടകര സബ് കളക്ടര്‍ അര്‍ച്ചന പി.പി. എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. വിവിധ ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, വി.എം.ജെ പ്രവാസി ചാപ്റ്റര്‍ ഭാരവാഹികള്‍, പി.ടി.എ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് വൈകുന്നേരം 6.30 മുതല്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും പ്രശസ്ത ഗായകരായ ബാദുഷ, സല്മാന്, ജാസിര്‍ മുഹമ്മദ് എന്നിവര്‍ നയിക്കുന്ന ‘മ്യൂസിക്
നൈറ്റും’ അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ വിഎംജെ പ്രസിഡന്റ് തയ്യില്‍ കുഞ്ഞബ്ദുള്ള ഹാജി, സംഘാടക സമിതി ചെയര്മാന് എം.പി. ഷാജഹാന്, ജനറല്‍ കണ്‍വീനര്‍ ആര്. ഷംസുദ്ദീന്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ പി. ഷെരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.















