
ദുബായി: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ബസ്സപകടത്തിൽ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26,) കാസർകോട്
അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ആന്ധ്രാ സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്നനേഷ്, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരടക്കം ആറ് ഇന്ത്യക്കാരുടെ മരണം ബന്ധുക്കൾ സ്ഥിരീകരിച്ചു.
റാസൽഖൈമയിലുണ്ടായ ബസ്സപകടത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി മരിച്ചതോടെ അപകടത്തിലെ ആകെ മരണസംഖ്യ 13 ആയി ഉയർന്നു. 14 പേർ പരിക്കുകളോടെ ചികിത്സയിലാണ്. 41 പേരാണ് ബസിലുണ്ടായിരുന്നത്. തകരാറിലായതിനെ
തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ഇന്ത്യൻ കോൺസുലേറ്റ്, മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും അടിയന്തര സഹായങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെൽപ്ലൈൻ നമ്പർ കോൺസുലേറ്റ് സജ്ജമാക്കിയിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് 800 46342 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
















