കോഴിക്കോട്: കടല്‍ സമ്പത്തിന്റെ സുസ്ഥിര സംരക്ഷണം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന ‘ഓപ്പറേഷന് പൈതല്‍’ ജില്ലയില്‍ ഊര്‍ജിതമായി
പുരോഗമിക്കുന്നു. നിയമാനുസൃത വലിപ്പമില്ലാത്ത ചെറുമത്സ്യങ്ങളെ പിടികൂടുന്നതും വിപണനം ചെയ്യുന്നതും പൂര്‍ണമായി തടയുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് ജില്ലയിലെ എല്ലാ മത്സ്യബന്ധന കേന്ദ്രങ്ങളിലും 24 മണിക്കൂറും കര്‍ശന പരിശോധന ഉറപ്പാക്കുന്നുണ്ട്. ചോമ്പാല്‍, കൊയിലാണ്ടി, പുതിയാപ്പ, വെള്ളയില്‍, ബേപ്പൂര്‍, ചാലിയം ഹാര്‍ബറുകളിലായി ഇതിനോടകം 600-ഓളം യാനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയ്ക്കൊപ്പം മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ വിപുലമായ ബോധവത്കരണ പരിപാടികളും വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ്
പദ്ധതി നടപ്പിലാക്കുന്നത്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. അനീഷിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മനോജ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് സബ് ഇന്‍സ്പെക്ടര്‍ രാജേഷ്, ജില്ലയിലെ മത്സ്യഭവന് ഓഫീസര്‍മാര്‍, സീ റെസ്ക്യൂ ഗാര്‍ഡുമാര്‍ എന്നിവരടങ്ങുന്നതാണ് പരിശോധനാ സംഘം.
മത്സ്യത്തൊഴിലാളികള്‍’ഓപ്പറേഷന് പൈതലുമായി’ സഹകരിക്കണമെന്നും, നിയമലംഘനം നടത്തി ചെറുമത്സ്യങ്ങളെ പിടികൂടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം (കെ.എം.എഫ്.ആര്.എ) പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
















