കോഴിക്കോട്: കൗമാര കായിക പ്രതിഭകളുടെ വസന്തോത്സവത്തിന് കോഴിക്കോട്
സുസജ്ജം. 68-ാമത് കേരള സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് നാളെ (ഒക്ടോബര്‍ 25) വൈകിട്ട് നാല് മണിക്ക് കോഴിക്കോട് എന്‍ഐടി സ്റ്റേഡിയത്തില്‍ കൊടിയേറും.
കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാകും നാളത്തെ ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി.സതീശന് മേളയ്ക്ക് തിരി തെളിയിക്കും. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 10,000ത്തോളം കായിക താരങ്ങളും ഒഫീഷ്യലുകളും പരിശീലകരും ഉള്‍പ്പെടെ 15,000ലേറെ പേര് പങ്കെടുക്കുന്ന ഏഴുദിവസത്തെ കായിക മാമാങ്കത്തിനാണ് ജില്ല വേദിയാകുന്നത്. ‘സേ നോ ടു ഡ്രഗ്സ്’ എന്ന ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തിയാണ് മേള സംഘടിപ്പിക്കുന്നത്. 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോഴിക്കോട് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ആതിഥ്യമരുളുന്നത്. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. എന്‍.ഷംസുദ്ദീന് അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റും മേളയുടെ ബ്രാന്‍ഡ് അംബാസഡറുമായ ഒളിമ്പ്യന്‍ ഡോ. പി.ടി.ഉഷ, എം.പി.ദീപശിഖ തെളിയിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ.മുരളീധരന്, എ.പി.അനില്‍കുമാര്‍, കെ.എം.ഷാജി, പി.കെ.ബഷീര്‍, ഒ.ജെ.ജനീഷ്, ടി.സിദ്ദിഖ് എന്നിവര്‍ മുഖ്യാതിഥിയാവും. എംപിമാരായ പ്രിയങ്ക ഗാന്ധി, എം.കെ.രാഘവന്,
ഷാഫി പറമ്പില്‍, കോര്പറേഷന് മേയര്‍ ഒ.സദാശിവന് എന്നിവര്‍ വിശിഷ്ട സാന്നിധ്യമാകും. സംഘാടക സമിതി ചെയര്മാന് എം.എ.റസാഖ് എംഎല്‍എ സ്വാഗതം ആശംസിക്കും. അഡ്വ. കെ.പ്രവീണ്‍കുമാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. ജില്ലയിലെ എംഎല്‍എമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, കളക്ടര്‍, മറ്റു ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. നാലായിരത്തോളം കായികതാരങ്ങള്‍ അണിനിരക്കുന്ന ആകര്‍ഷകമായ മാര്‍ച്ച് പാസ്റ്റും മൂവായിരത്തോളം വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന സാംസ്കാരിക പരിപാടികളും ഉദ്ഘാടനത്തിന് മാറ്റുകൂട്ടും.
ജനപ്രതിനിധികള്‍ക്കായി കായിക മത്സരം
നാളെ രാവിലെ ഒമ്പതിന് കോഴിക്കോട് ബീച്ചില്‍ തിരുവനന്തപുരത്തുനിന്ന് പ്രയാണം ആരംഭിച്ച സ്വര്‍ണക്കപ്പിനെ വരവേല്‍ക്കും. തുടര്‍ന്ന് ദീപശിഖപ്രയാണവും ഘോഷയാത്രയും നടക്കും. മേളയ്ക്ക് മുന്നോടിയായി നാളെ മെയിന്‍ ഗ്രൗണ്ടില്‍ എംപി, എംഎല്‍എ, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കായി പ്രത്യേക കായികമത്സരങ്ങള്‍ നടക്കും. 50 വയസ്സിന് മുകളിലും താഴെയുമുള്ള പുരുഷവനിതാ വിഭാഗങ്ങളിലായി 100 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട് മത്സരങ്ങളിലാണ് ജനപ്രതിനിധികള്‍ മാറ്റുരയ്ക്കുക.
ഇന്‍ക്ലൂസീവ് മത്സരങ്ങള്‍ തിങ്കളാഴ്ച
26ന് പ്രധാന വേദിയായ എന്‍ഐടിയില്‍ ഇന്‍ക്ലൂസീവ് മത്സരങ്ങളാണ് നടക്കുക. 2,000ത്തിലധികം ഭിന്നശേഷി കായികതാരങ്ങള്‍ പങ്കെടുക്കും. കൂടാതെ, ഒക്ടോബര്‍ 30ന് ക്രോസ് കണ്ട്രി, ഇന്‍ക്ലൂസീവ് അത്ലറ്റിക്സ്, ഇന്‍ക്ലൂസീവ് ഫുട്ബോള്‍ മത്സരങ്ങളും നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 2,800 താരങ്ങള്‍ മാറ്റുരയ്ക്കുന്ന അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് 27 മുതല്‍ 31 വരെ എന്‍ഐടി ക്യാമ്പസ്സാണ് വേദിയാകുക. 26ന് ഇന്‍ക്ലൂസീവ് ബാഡ്മിന്റണ്‍ മത്സരവും 2830 വരെ ജൂനിയര്‍, സീനിയര്‍ ആണ്/പെണ് വിഭാഗങ്ങളിലായി ബാഡ്മിന്റണ്‍ മത്സരങ്ങള്‍ക്കും ദേവഗിരി സെന്റ് ജോസഫ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയാകും. ചെവായൂര്‍ പ്രസന്റേഷന് എച്ച്എസ്എസ്സില്‍ പെണ്‍കുട്ടികളുടെ ബാസ്കറ്റ്ബോള്‍ മത്സരവും സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂളില്‍ ആണ്‍കുട്ടികളുടെ ബാസ്കറ്റ്ബോള്‍ മത്സരവും നടക്കും. 26ന് ഇന്‍ക്ലൂസീവ് ക്രിക്കറ്റ്
മത്സരങ്ങള്‍ക്കും 28, 29 തിയതികളില്‍ ആണ്/പെണ് വടംവലി, മത്സരങ്ങള്‍ക്കും കുന്നമംഗലം എച്ച്എസ്എസ് വേദിയാകും. കരാട്ടെ, 26ന് വുഷു, 2629 വരെ സീനിയര്‍ ആണ്/പെണ് വിഭാഗങ്ങളില്‍ സോഫ്റ്റ്ബോള്‍, 2628 വരെ സീനിയര്‍ ആണ്/പെണ് വിഭാഗങ്ങളില്‍ ബേസ്ബോള്‍, സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ ആണ്/പെണ് വിഭാഗങ്ങളില്‍ ബോള്‍ ബാഡ്മിന്റണ്‍ എന്നിവ കൊടിയത്തൂര്‍ പിടിഎം എച്ച്എസ്എസ് വാദി റഹ്മ ഇംഗ്ലീഷ് സ്കൂളിലും 2729 വരെ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ ആണ് പെണ് വിഭാഗങ്ങളിലായി യോഗ ചാത്തമംഗലം ആര്‍ഇസി ഗവ. വിഎച്ച്എസ്എസ്സിലും നടക്കും. സീനിയര്‍ ആണ്/പെണ് വിഭാഗങ്ങളില്‍ 2628 വരെ നെറ്റ്ബോള്‍, 2627 വരെ സീനിയര്‍ ആണ്/പെണ് വിഭാഗത്തില്‍ ത്രോബോള്‍ മത്സരങ്ങള്‍ പെരുവയല്‍ സെന്റ് സേവ്യേഴ്സ് യുപി സ്കൂളില്‍ നടക്കും.
വിപുലമായ സജ്ജീകരണം
മേളയുടെ ഭാഗമാകാനായി എത്തുന്നവര്‍ക്കായി 50ലധികം സ്കൂളുകളിലായി 750ഓളം ക്ലാസ് മുറികളാണ് താമസത്തിനായി സജ്ജമാക്കിയിട്ടുള്ളത്. കുടിവെള്ളവും ശുചിത്വവും സുരക്ഷയും പൂര്‍ണമായും ഉറപ്പുവരുത്തിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും എത്തുന്ന താരങ്ങളെ താമസസ്ഥലങ്ങളിലേക്കും മത്സരവേദികളിലേക്കും
എത്തിക്കാന്‍ ഒളിമ്പിക്സ് എക്സ്പ്രസ് എന്ന പേരില്‍ പ്രത്യേക ഗതാഗത സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ രണ്ട് അടുക്കളകളിലായി തയ്യാറാക്കുന്ന പോഷകസമ്പന്നമായ ഭക്ഷണം എല്ലാ വേദികളിലും സമയബന്ധിതമായി എത്തിക്കും. 17 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മേളയുടെ സംഘാടനം. 620 ഒഫീഷ്യല്‍സ്, 140 സെലക്ടര്‍മാര്‍, 100 ടെക്നിക്കല്‍ ഒഫീഷ്യല്‍സ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിക്കും. ഒക്ടോബര്‍ 31ന് വൈകിട്ട് 4 മണിക്ക് എന്‍ഐടി സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി അഡ്വ. എന്‍.ഷംസുദ്ദീന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഒളിമ്പ്യന്‍ അഞ്ചു ബോബി ജോര്‍ജ് വിശിഷ്ടാതിഥിയാകും. വിജയികള്‍ക്കുള്ള പുരസ്കാരങ്ങളും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും ചടങ്ങില്‍ വിതരണം ചെയ്യും.















